News Desk

2021-06-02 01:06:51 pm IST
മസ്‌കത്ത്: ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച പുതിയ തൊഴില്‍ പെര്‍മിറ്റ് ഫീസ് നിരക്ക് പ്രാബല്യത്തില്‍ വന്നു. ജൂണ്‍ ഒന്നു മുതല്‍ പുതിയ ഫീസ് നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു.

ഉയര്‍ന്നതും ഇടത്തരം തൊഴിലുകള്‍ക്കും സാങ്കേതികവും സ്‌പെഷലൈസ്ഡ് ജോലികള്‍ ചെയ്യുന്നവരുമായ പ്രവാസികള്‍ക്ക് പുതിയ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോഴാണ് വര്‍ധിച്ച ഫീസ് അടക്കേണ്ടി വരിക. അതേസമയം, പുതിയ വര്‍ക്ക് പെര്‍മിറ്റ് എടുക്കാനും ബിസിനസ്സ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കും. പുതുക്കിയ ഫീസ് ഉയര്‍ന്ന തൊഴിലുകളിലെ വിസക്ക് 2001 റിയാലും ഇടത്തരം തൊഴിലുകളിലേതിന് 1001 റിയാലും സാങ്കേതികവും സ്‌പെഷലൈസ്ഡ് ജോലികള്‍ക്കും 601 റിയാലും ആയിരിക്കും. 

സ്വകാര്യ മേഖലയില്‍ ഒമാനികള്‍ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കുന്നതിന്റെ  ഭാഗമായാണ് തീരുമാനം നടപ്പാക്കിയത്. പുതുതായി നല്‍കുന്ന അപേക്ഷകര്‍ക്കും ചൊവ്വാഴ്ച വരെ ഫീസടക്കാത്ത നിലവിലെ അപേക്ഷകര്‍ക്കും തീരുമാനം ബാധകമായിരിക്കും. എന്നാല്‍ ഉയര്‍ന്ന സ്വദേശിവല്‍കരണ നിരക്കുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവാസി നിയമന ഫീസ് 50 ശതമാനം വരെ കുറയ്ക്കും. 

ഒമാനികള്‍ ജോലിചെയ്യുന്ന കമ്പനികള്‍ക്ക് അവരുടെ പ്രവാസി നിയമന ഫീസ് 25 ശതമാനം കുറയ്ക്കുമെന്നും സ്വദേശിവത്കരണ ക്വാട്ട പൂര്‍ണമായും പാലിക്കുന്നവര്‍ക്ക് ഫീസ് 50 ശതമാനം വരെ കുറയ്ക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ ഫീസ് നിലവില്‍ വരുന്നത് പ്രവാസികള്‍ക്ക് സാമ്പത്തികമായ അധിക ബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top