News Desk

2021-04-08 10:09:37 am IST

വെല്ലിങ്ടണ്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. 

ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസിലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണെന്ന് പ്രധാനമന്ത്രി
ജസീന്ത ആര്‍ഡന്‍ അറിയിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

വ്യാഴാഴ്ച രാജ്യാതിര്‍ത്തിയില്‍ 23 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 എണ്ണം ഇന്ത്യയില്‍ നിന്ന് എത്തിയവരില്‍ ആയിരുന്നു. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. 

40 ദിവസമായി ഒരു കേസുപോലും ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തേക്ക് വരുന്നവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നും കൂടുതലും ഇന്ത്യയില്‍ നിന്ന് വരുന്നവരിലാണെന്നും ജസീന്ത പറഞ്ഞു. 

അതേസമയം, കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ കൊവിഡ് കേസുകളാണ് പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top