കൊച്ചി: പ്രസവിച്ച ഉടന്‍ കുഞ്ഞിനെ തോടിനരികില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാള്‍ സ്വദേശി ഹസീനയാണ് പിടിയിലായത്. ഇവരെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയില്‍ മണിക്കൂറുകള്‍ക്കു മുമ്പ് പ്രസവിച്ചിട്ടുണ്ടെന്നു വ്യക്തമായി. തുടര്‍ന്ന് അമ്മയെ കുഞ്ഞിനടുത്തേയ്ക്ക് എത്തിക്കുന്നതിനായി പാലക്കാട്ടേയ്ക്ക് കൊണ്ടു പോയി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുഞ്ഞുള്ളത്.
പാലക്കാട് ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോടിനടുത്ത് എത്തിയ പഴക്കച്ചവടക്കാരനാണ് കുഞ്ഞിന്റെ കരച്ചില് കേട്ടു നടത്തിയ പരിശോധനയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടനെ ആളുകളെ വിളിച്ചു കൂട്ടി പൊലീസില്‍ അറിയിക്കുകയായിരുന്നു. വാളയാര്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞുണ്ടായിട്ട് മണിക്കൂറുകള്‍ മാത്രമേ ആയുള്ളൂ എന്നു വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്യസംസ്ഥാനത്തു നിന്നു വരികയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്നു തിരിച്ചറിഞ്ഞത്. ഈ വാഹനം പേട്ടക്കാട് എത്തിയപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഒരു സ്ത്രീ പുറത്തേയ്ക്ക് ഇറങ്ങിപ്പോയത് പരിസര വാസികള്‍ ശ്രദ്ധിച്ചിരുന്നു. ഇവര്‍ ഛര്ദിക്കാന് ഇറങ്ങിപ്പാകുകയാണ് എന്നാണ് ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞത്. ഈ സമയം പ്രസവിച്ച ശേഷം കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ വന്നു ബസില്‍ കയറി ഇരിക്കുകയായിരുന്നു.
ബസ് അങ്കമാലിയിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ ഗര്‍ഭിണിയായിരുന്നു എന്നത് ഉള്‍പ്പടെയുള്ള വിവരം കൂടയുണ്ടായിരുന്ന യാത്രക്കാര്‍ അറിയിക്കുന്നത്. കോതമംഗലത്തേയ്ക്കു പോകുകയായിരുന്ന ബസിലായിരുന്നു ഇവരുണ്ടായിരുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക