News Desk

2021-03-06 06:59:34 pm IST
> പ്രസ് ഫോര്‍ ന്യൂസ് ലേഖകന്‍ 

ദോഹ: ഇന്ത്യയിലുള്ളവര്‍ക്ക് ഖത്തറിലേക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചുവെന്ന തരത്തില്‍ അധികൃതര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്ത നല്‍കി രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ദോഹയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളം എഫ്.എം റേഡിയോ അടക്കമുള്ള മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. 

ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഖത്തറില്‍ 30 ദിവസത്തെ കാലാവധിയുള്ള വിസാ ഓണ്‍ അറൈവല്‍ ലഭ്യമായി തുടങ്ങിയെന്ന തരത്തിലായിരുന്നു പ്രചാരണം. ആറുമാസത്തേക്ക് പാസ്‌പോര്‍ട്ട് കാലാവധിയുള്ളവര്‍, തിരിച്ചുപോകുന്നതിന് ടിക്കറ്റുള്ളവര്‍, ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ എന്നിവര്‍ക്കാണ് വിസ അനുവദിക്കുകയെന്നുമായിരുന്നു വാര്‍ത്തയിലെ ഉള്ളടക്കം. ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റിന്റെ ലിങ്ക് അടക്കമാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. 2019-ല്‍ ഇന്ത്യയ്ക്കാര്‍ക്കു വേണ്ടി പുറപ്പെടുവിച്ചിരുന്ന വിസാ ഓണ്‍ അറൈവല്‍ നിബന്ധനകളാണ് പുതിയ നിര്‍ദേശം എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. 

എന്നാല്‍ ഇതുസംബന്ധിച്ച് ഖത്തറിലെ എയര്‍ലൈന്‍ ഗ്രൂപ്പുകള്‍ക്ക് യാതൊരുവിധ നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരത്തില്‍ ഔദ്യോഗിക വിജ്ഞാപനം തങ്ങള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഖത്തറിലെ പ്രമുഖ ടൂര്‍ ആന്റ് ട്രാവല്‍സ് സ്ഥാപനമായ ക്‌ളിയോപാട്രയുടെ സെയില്‍സ് ജനറല്‍ മാനോജര്‍ ജീമോന്‍ മാത്യു പ്രസ് ഫോര്‍ ന്യൂസിനോടു പറഞ്ഞു. അതേസമയം, ഇക്കാര്യവുമായി ബന്ധപ്പെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയമോ, ഖത്തര്‍ എയര്‍വേയ്‌സ് അധികൃതരോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top