News Desk

2021-03-15 12:26:01 pm IST

കോഴിക്കോട്: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. മലപ്പുറം ചേളാരിയിലും കണ്ണൂര്‍ താണയിലുമാണ് റെയ്ഡ്. പ്രദേശിക പൊലീസിനെ വിവരം അറിയിക്കാതെ എത്തിയാണ് എന്‍.ഐ.എ സംഘം റെയ്ഡ് നടത്തുന്നത്.

ഐ.എസ്.ഐ.എസ് റിക്രൂട്ടുമായി ബന്ധപ്പെട്ട് നേരത്തെ കേസുള്ള അമീന്‍ എന്ന വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് കാണിച്ച് ചേളാരി സ്വദേശി രാഹുല്‍ അബ്ദുല്ലയുടെ വീട്ടിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യാ പിതാവും പോപ്പുലര്‍ ഫ്രണ്ട് തേഞ്ഞിപ്പലം ഏരിയ പ്രസിഡന്റുമായ ഹനീഫ ഹാജിയുടെ വീട്ടിലുമെത്തി പരിശോധന തുടര്‍ന്നു.

ഇതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി.പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുമായി നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചോദ്യം ചെയ്യല്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

കേരളത്തിന് പുറമെ ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി പത്തോളം ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഐ.എസ്.ഐ.എസ് റിക്രൂട്ട്‌മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നുമാണ് എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top