News Desk

2021-05-26 06:47:42 pm IST
ദോഹ: ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ 24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ മലയാളികളുള്‍പ്പെടെ ഒമ്പത് പേര്‍ മോചിതരായി. രണ്ട് ഇറാനികളും മോചിപ്പിക്കപ്പെട്ടവരില്‍പ്പെടുന്നു.

ഇറാനില്‍ നിന്ന് രണ്ട് ബോട്ടുകളിലായി മത്സ്യബന്ധത്തിനെത്തിയ സംഘത്തില്‍പ്പെട്ട നാല് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടതെന്ന് ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്മെന്റ് ട്രസ്റ്റ് പ്രസിഡണ്ട് ഡോ. പി ജസ്റ്റിന്‍ ആന്റണി ഗള്‍ഫ് മലയാളി ന്യൂസിനോട് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്മെന്റ് ട്രസ്റ്റ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു.

സംഘത്തില്‍ നാല് മലയാളികളും 20 തമിഴ്‌നാട് സ്വദേശികളും നാല് ഇറാനികളുമാണുണ്ടായിരുന്നത്. ഇറാനില്‍ നിന്ന് മത്സ്യബന്ധനത്തിനെത്തിയ ഇവര്‍ അബദ്ധത്തില്‍ ഖത്തര്‍ ജലാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ച് 25ന് ആണ് അറസ്റ്റിലായത്. രണ്ട് ബോട്ടുകളിലായാണ് മാര്‍ച്ച് 22ന് ഇവര്‍ ഇറാനില്‍ നിന്ന് പുറപ്പെട്ടത്. ഒരു ബോട്ടില്‍ 10 ഇന്ത്യക്കാരും രണ്ട് ഇറാനികളും രണ്ടാമത്തെ ബോട്ടില്‍ 14 ഇന്ത്യക്കാരും രണ്ട് ഇറാനികളുമാണുണ്ടായിരുന്നത്. അസിന്‍, യാഖൂബ് എന്നീ പേരുകളിലുള്ള ബോട്ടുകള്‍ ഹസന്‍ എന്ന ഇറാനിയുടെ ഉടമസ്ഥതയിലുള്ളതാണ്.

അസിന്‍ എന്ന ബോട്ടിലാണ് തിരുവനന്തപുരം അടിമന്തുറ സ്വദേശി സില്‍വദാസന്റെ മകന്‍ മൈക്കിള്‍(33), കൊല്ലം മൂത്തകര സ്വദേശി ലോപ്പസിന്റെ മകന്‍ ക്ലീറ്റസ് ലോപ്പസ്(42), തിരുവനന്തപുരം പൂവാര്‍ സ്വദേശി ക്രിസ്തു ദാസന്റെ മകന്‍ സെബാസ്റ്റ്യന്‍(20), കൊല്ലം പള്ളിത്തോട്ടം സ്വദേശി സ്റ്റീഫന്റെ മകന്‍ അനില്‍ ജോസഫ്(42) എന്നീ മലയാളികള്‍ ഉണ്ടായിരുന്നത്. ഈ ബോട്ടിലെ കാപ്റ്റന്‍ തമിഴ്നാട് സ്വദേശി ജസ്റ്റിന്‍ ഒഴിച്ച് ബാക്കിയുള്ള ഇന്ത്യക്കാരെയാണ് മോചിപ്പിച്ചത്. ബോട്ട് ഉടമ പിഴ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് ക്യാപ്റ്റനെ പിടിച്ച് വച്ചത്. അസിന്‍ ബോട്ടിലുണ്ടായിരുന്ന രണ്ട് ഇറാനികളും മോചിതരായി.

യാഖൂബ് ബോട്ടിലെ 14 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരെ ജൂണ്‍ 16ന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഏപ്രില്‍ 29 ന് കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓരോരുത്തര്‍ക്കും 40 ദിവസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഒപ്പം പിഴയും അടക്കണം. ബോട്ടുകളും അനുബന്ധ സാധനങ്ങളും ഉടമക്ക് തിരിച്ചേല്‍പ്പിക്കുക, മത്സ്യവും വലകളും കണ്ടുകെട്ടുക എന്നിവയാണ് കോടതി വിധിയിലെ മറ്റു വ്യവസ്ഥകള്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top