News Desk

2021-03-12 07:54:33 pm IST

ജനീവ: കൊറോണ വൈറസ് ലോകം മുഴുക്കെ പടര്‍ന്നത് ചൈനീസ് നഗരമായ വുഹാനിലെ ലബോറട്ടറിയില്‍ നിന്നാണെന്ന പ്രചരണത്തിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞര്‍. ചൈനയില്‍ നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന വന്യജീവി വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം.

ഗൂഢാലോചന സിദ്ധാന്തത്തിന്റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്ധ സംഘമാണ് ലബോറട്ടറിയില്‍നിന്ന് കൊറോണ വൈറസ് ചോര്‍ന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയത്. 
 
ഒരുമാസം നീണ്ടുനിന്ന അന്വേഷണമാണ് വിദഗ്ധരുടെ സംഘം നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ വൈറസിനെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനുളള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.  

വുഹാനിലെ വെറ്റ് മാര്‍ക്കറ്റും വൈറസുകളെ വഹിക്കുന്ന വവ്വാലുകളുളള പ്രദേശങ്ങളും തമ്മിലുളള ഒരു 'ലിങ്ക്' തങ്ങള്‍ക്ക് കണ്ടെത്താനായതായും വിദഗ്ധര്‍ പറയുന്നു. ചൈനയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത് മാര്‍ക്കറ്റിലെത്തിയവര്‍ക്കാണ്. വുഹാനിലെ വന്യജീവി മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന് പടര്‍ന്നതിന് തെളിവ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

മാര്‍ക്കറ്റിന് സമീപമുള്ള മൂന്ന് ലാബോറട്ടറികളില്‍ തങ്ങള്‍ സന്ദര്‍ശനം നടത്തിയതായി യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ റോട്ടര്‍ഡാമിലെ വൈറോസയന്‍സ് മേധാവി മരിയോണ്‍ കൂപ്മാന്‍ പറഞ്ഞു. മിഷന്‍ വുഹാന്‍ ദൗത്യവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക റിപ്പോര്‍ട്ട് അടുത്ത ആഴ്ച അന്വേഷണസംഘം പ്രസിദ്ധീകരിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top