News Desk

2020-05-22 09:46:52 pm IST

ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പു നല്‍കാന്‍ ആര്‍ക്കുമാവില്ലെന്ന് ഖഷോഗ്ജിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെന്‍ഗിസ്. ഖഷോഗ്ജി ഘാതകന് അദ്ദേഹത്തിന്റെ മക്കള്‍ മാപ്പു കൊടുത്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹാറ്റിസ് സെന്‍ഗിസ്.

'നമ്മളെക്കാള്‍ വലിയവനും ആരാധിക്കപ്പെടുന്നതുമായ ഒരു അന്താരാഷട്ര ചിഹ്നമായി ജമാല്‍ ഖഷോഗ്ജി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ കൊലപാതകികള്‍ക്ക് മാപ്പു നല്‍കാന്‍ ആര്‍ക്കും അവകാശമില്ല,' ഹാറ്റിസ് സെന്‍ഗിസ് ട്വീറ്റ് ചെയ്തു. ഖഷോഗ്ജിക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

ഖഷോഗ്ജിയുടെ മകനായ സലാഹ് ഖഷോഗ്ജിയാണ് പ്രതികള്‍ക്ക് മാപ്പ് കൊടുക്കുന്നു എന്നറിയിച്ചത്. 'റമദാന്റെ അനുഗ്രഹീത രാവില്‍ ദൈവ പ്രീതി കാംക്ഷിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഏതൊരു മോശം പ്രവര്‍ത്തിക്കെതിരെയും സമാനമായ ശിക്ഷ നല്‍കാന്‍ ദൈവിക കല്‍പനയുണ്ടെങ്കിലും ക്ഷമിക്കുന്നവരോട് ദൈവം കൂടുതല്‍ കരുണകാണിക്കുമെന്നുണ്ട്. അതിന് ദൈവത്തില്‍നിന്ന് പ്രതിഫലം ലഭിക്കുമെന്നാണ്' സലാഹ് പറഞ്ഞത്. 

അതേസമയം, സലാഹ് ഉള്‍പ്പെടെയുള്ള ഖഷോഗ്ജിയുടെ മക്കള്‍ക്ക് കോടിക്കണക്കിന് രൂപ ലഭിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സലാഹ് ഈ റിപ്പോര്‍ട്ട് നിരസിച്ചിരുന്നു. 

2018 ഒക്ടോബറിലാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപരെ വധശിക്ഷക്ക് വിധിച്ചിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ അഞ്ചു പ്രതികള്‍ക്കായിരുന്ന വധശിക്ഷ. കൊലപാതകത്തില്‍ പങ്കാളികളായ മറ്റ് മൂന്നു പേര്‍ക്ക് 24 വര്‍ഷത്തെ ജയില്‍ ശിക്ഷയും ലഭിച്ചു.

Top