News Desk

2021-03-13 03:53:55 pm IST
പ്രസ് ഫോര്‍ ന്യൂസ് ലേഖകന്‍ 

ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം ഗുരുതരാവസ്ഥയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യു.കെയില്‍ നിന്നുള്ള വൈറസ് വകഭേദം രാജ്യത്ത് നിത്യേനെ സ്ഥിരീകരികരിക്കുന്നതും രോഗികളുടെ എണ്ണം കൂടുന്നതുമായ സ്ഥിതീവിശേഷമാണ് രാജ്യത്തുള്ളത്. അതുകൊണ്ടുതന്നെ കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലവില്‍ അധികൃതര്‍ ശക്തമായ രീതിയില്‍ തന്നെയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 

ഈ സാഹചര്യത്തില്‍, രാജ്യത്തെ ചെറുകിട-ഇടത്തരം-ഉയര്‍ന്ന സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിലേക്കും ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്കും ആവശ്യമായ തൊഴിലാളികളുടെ അഭാവമാണ് ഈ പ്രതിസന്ധിയുടെ കാരണം. നിലവില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പുതിയ വിസ ലഭിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ നേരിയ തോതില്‍ എത്തുന്നെണ്ടെങ്കിലും സ്ഥാപനങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ യോഗ്യതയുള്ള ജീവനക്കാരെ ലഭിക്കുന്നില്ല. കൂടാതെ സ്ഥാപനങ്ങള്‍ തങ്ങളുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ആവശ്യപ്പെട്ട തൊഴിലാളികള്‍ക്കുള്ള വിസയുടെ നേര്‍പകുതിയാണ് അധികൃതര്‍ അനുവദിക്കുന്നത്. 

ഇത് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. തൊഴിലാളികളുടെ അഭാവത്തെ തുടര്‍ന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് പിഴയടക്കമുള്ള നിയമപരമായ പല വിഷയങ്ങളിലേക്കും എത്തിക്കുന്നുണ്ട്. ഇതുമൂലം ഇത്തരം സ്ഥാപനങ്ങള്‍ക്ക് രാജ്യത്ത് നിലവിള്ള തൊഴിലാളികളെ ഇരട്ടി വേതനം നല്‍കി ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. അതിനാല്‍ സാമ്പത്തിക ബാധ്യത വര്‍ധിക്കുന്നതിനാല്‍ ഏറ്റെടുത്ത പദ്ധതികളും പ്രവര്‍ത്തനങ്ങളും തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് രാജ്യത്തെ ചില കമ്പനികള്‍. ഖത്തര്‍ തൊഴില്‍ വിസാ സെന്ററുകള്‍ (ക്യു.വി.സി) ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പഴയപടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. 

ഇത് വേഗത്തില്‍ തൊഴിലാളികള്‍ രാജ്യത്ത് എത്തുന്നതില്‍ തടസ്സമുണ്ടാകുന്നുവെന്നും സ്ഥാപന ഉടമകള്‍ ഉന്നയിക്കുന്നു. പുറമെ, സ്ഥാനങ്ങള്‍ക്തുള്ള പിഴകള്‍, ലൈസന്‍സുമായി ബന്ധപ്പെട്ട ഫീസുകള്‍ തുടങ്ങിയവ അടയ്‌ക്കേണ്ടി വരുന്ന തുക കുറയ്ക്കുന്നതിനും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇവര്‍ പറയുന്നു. എത്രയും പെട്ടന്നു തന്നെ തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നതായി രാജ്യത്തെ സ്ഥാപന ഉടമകള്‍ പങ്കുവെക്കുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top