News Desk

2021-05-25 03:58:11 pm IST
ദോഹ: ഖത്തറില്‍ നാളെ മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുറസ്സായ പ്രദേശങ്ങളില്‍ ശക്തമായ പൊടിപടലമുയരാന്‍ കാറ്റ് കാരണമാവും. മണിക്കൂറില്‍ 12 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. ചില പ്രദേശങ്ങളില്‍ ഇത് 52 കിലോമീറ്റര്‍ വരെയാവും. കാറ്റ് വെള്ളിയാഴ്ച്ച വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

മെയ് 29വരെ കടലില്‍ തിരമാലകള്‍ ശക്തമാവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരമാലകള്‍ അഞ്ച് മുതല്‍ എട്ട് അടിവരെ ഉയരാം. ചിലയിടങ്ങളില്‍ ഇത് 10 അടിവരെയാവും.

മെയ് അവസാനം മുതല്‍ അല്‍ബവാരി കാറ്റിന് തുടക്കമാവും. ഇത് ജൂലൈ മധ്യംവരെ തുടരും. ഇന്ത്യന്‍ മണ്‍സൂണിന്റെയും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഹൈ-പ്രഷറിന്റെയും ഫലമായി രൂപപ്പെടുന്ന ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റാണ് അല്‍ബവാരി. രാത്രിയില്‍ ശക്തി കുറയുകയും സൂര്യോദയത്തോടെ ശക്തി പ്രാപിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. ശക്തമായ പൊടി ഉയരുന്നതിനാല്‍ കാഴ്ച്ചാപരിധി കുറയാന്‍ ഇടയാക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top