News Desk

2021-03-18 05:10:31 pm IST
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയില്‍ നിന്നും ഇതുവരെ ലോകം പൂര്‍ണമായി മുക്തി പ്രാപിച്ചിട്ടില്ല. കൊവിഡ് പ്രതിസന്ധി തുടരുമ്പോള്‍ മനുഷ്യനില്‍ കൊവിഡിനെക്കാള്‍ അതിമാരകമായേക്കാവുന്ന ഫംഗസിനെ ഇന്ത്യയില്‍ കണ്ടെത്തിയതായാണ് പുതുതായി പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കടല്‍ത്തീരങ്ങളിലാണ് അപകടകാരിയായ ഫംഗസിനെ ('സൂപ്പര്‍ബഗ്') ഗവേഷകര്‍ കണ്ടെത്തിയത്. ഇത് അടുത്ത മാരകമായ പാന്‍ഡെമിക്കിലേക്ക് നയിച്ചേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്തു നിന്ന് കണ്ടെത്തിയ 'കാന്‍ഡിഡ ഓറിസ്' എന്നു പേരുള്ള ഫംഗസ് നിലവിലുള്ള ഒരു ആന്റിഫംഗല്‍ മരുന്നുകളോടും പ്രതികരിക്കാത്തതാണ്. മരുന്നുകളെ ചെറുക്കാനുള്ള ഈ ശേഷി മൂലം സൂപ്പര്‍ബഗ് എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുള്ളത്.

ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള എട്ട് പ്രകൃതിദത്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഡോ. അനുരാധ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം പഠിച്ചു.

ഡോ. ആനുരാധ ചക്രവര്‍ത്തിയും സംഘവുമാണ് ആന്‍ഡമാനില്‍ നിന്നു ഫംഗസിനെ കണ്ടെത്തിയത്. ആന്‍ഡമാനിലെ രണ്ട് മനുഷ്യവാസമില്ലാത്ത ദ്വീപുകളിലെ തീരങ്ങളില്‍ നിന്നും ആളുകള്‍ പോകുന്ന ഒരു ബീച്ചില്‍ നിന്നുമുള്ള മണല്‍ത്തരികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഫംഗസിനെ കണ്ടെത്തിയത്.

ഇതാദ്യമായാണ് ഈ ഫംഗസിനെ പ്രകൃതിയില്‍ കണ്ടെത്തുന്നുള്ള വസ്തുത ഗവേഷണത്തെ ശ്രദ്ധേയമാക്കുന്നു. ഇവയെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമാണ്.

ബീച്ചില്‍ നിന്നുമുള്ള സാംപിളുകളില്‍ അടങ്ങിയിട്ടുള്ള ഫംഗസ് നേരത്തെ ലോകത്തു പലസ്ഥലങ്ങളിലും കണ്ടെത്തിയ ഫംഗസിന്റെ അതേ വകഭേദമാണ്. എന്നാല്‍ മനുഷ്യവാസമില്ലാത്ത തീരങ്ങളില്‍ നിന്നു കണ്ടെത്തിയവയ്ക്ക് വ്യത്യാസമുണ്ട്. 

ആഗോളതാപനം മൂലം ഇവയ്ക്ക് മനുഷ്യ ശരീരത്തില്‍ വസിക്കാന്‍ സാധിക്കുമെന്ന് ഈ ഫംഗസിനെപ്പറ്റി ഒരുപാട് ഗവേഷണം നടത്തിയിട്ടുള്ള രാജ്യാന്തര ആരോഗ്യ വിദഗ്ധന്‍ ഡോ. ആര്‍ട്യൂറോ കാസഡെവാല്‍ വ്യക്തമാക്കി. ആദ്യകാലത്ത് ഈ ഫംഗസിനു മനുഷ്യശരീരത്തില്‍ സ്ഥിതി ചെയ്യുക പ്രയാസമായിരുന്നു.

മനുഷ്യശരീരത്തിന്റെ ഉയര്‍ന്ന താപനില ചെറുക്കാന്‍ കഴിവില്ലാത്തതായിരുന്നു പ്രശ്നം. എന്നാല്‍ ആഗോളതാപനത്തിന്റെ ഭാഗമായി പ്രകൃതിയില്‍ ഉയര്‍ന്ന താപനിലയ്ക്ക് അനുസൃതമായി ഫംഗസും സ്വയം മാറി. ഇതോടെ മനുഷ്യ ശരീര താപനില ഇതിന് സാധാരണമായി മാറി.

തുടര്‍ന്നാണ് ഈ ഫംഗസ് മനുഷ്യരിലേക്ക് എത്താന്‍ തുടങ്ങിയതെന്ന് ഡോ. കാസഡെവാല്‍ പറയുന്നു. എന്നാല്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇവ എങ്ങനെയെത്തിയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തമായിട്ടില്ല.

ബീച്ചില്‍ നിന്നു കണ്ടെത്തിയ ഫംഗസ് സ്ട്രെയിനുകള്‍ അവിടെ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളില്‍ നിന്നും എത്തിയതാകാമെന്നും മനുഷ്യവാസമില്ലാത്ത തീരത്ത് കണ്ടെത്തിയവ ബീച്ചില്‍ നിന്ന് കടല്‍വെള്ളത്തില്‍ ഒഴുകി അവിടെയെത്തിയതാകാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

അതേസമയം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ ഒരു ആശുപത്രിയിലാണ് ഈ ഫംഗസിനെ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇതു മൂന്ന് ഭൂഖണ്ഡങ്ങളിലെ വിവിധ മേഖലകളിലും കാണപ്പെട്ടു. 

കൂടുതല്‍ തവണയും കണ്ടെത്തിയത് ആശുപത്രികളില്‍ നിന്നായതിനാല്‍ 'ഹോസ്പിറ്റല്‍ ഫംഗസ്' എന്നും ഇതിനു വിളിപ്പേരുണ്ടായിരുന്നു. പെട്ടെന്നു പടരാനുള്ള കരുത്ത് ഇവയെ അപകടകാരികളാക്കുന്നു.

കത്തീറ്ററുകള്‍, ശ്വസനസഹായികള്‍, ഫീഡിങ് ട്യൂബുകള്‍ എന്നിവ ഉപയോഗിക്കുന്ന രോഗികളുടെ രക്തത്തിലാണ് ഭയങ്കരമായ അണുബാധ സൃഷ്ടിച്ച് ഇവ മാരകമാകുന്നത്. മരുന്നുകള്‍ ഫലിക്കാതെ വരുന്നതിനാല്‍ ഇതു ചികില്‍സിക്കാനും പാടാണ്. 

രോഗികളില്‍ നിന്ന് പുറത്തുചാടി അന്തരീക്ഷത്തിലും കെട്ടിട ഉപരിതലങ്ങളിലുമൊക്കെ നിലനില്‍ക്കാനും ഇതിനു ശേഷിയുണ്ട്. അതേസമയം, ആശുപത്രികളിലും മറ്റും ഇവയെ കണ്ടെത്തി കഴിഞ്ഞാല്‍ നിയന്ത്രണം പാടുള്ള കാര്യമാണെന്ന് രാജ്യാന്തര ആരോഗ്യ വിദഗ്ധന്‍ ഡോ. ആര്‍ട്യൂറോ കാസഡെവാല്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top