News Desk

2021-03-10 05:01:33 pm IST
യാംഗോണ്‍: രാജ്യത്ത് ജനാധിപത്യ ഭരണം പുനസ്ഥാപിക്കമെന്നാവശ്യപ്പെട്ട് മ്യാന്‍മാറില്‍ പ്രക്ഷോഭം നടത്തുന്ന ജനതയ്ക്ക് നേര്‍ക്ക് തോക്കുചൂണ്ടുന്ന സൈനികര്‍ക്ക് മുന്നില്‍ മുട്ടുകുത്തി അപേക്ഷിക്കുന്ന ഒരു കന്യാസ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

മ്യാന്‍മാറിലെ മയിറ്റകിന നഗരത്തില്‍ പ്രതിഷേധവുമായി എത്തിയ ജനങ്ങള്‍ക്കു നേരെ തോക്കുപിടിച്ചു വെടിവെക്കാന്‍ ഒരുങ്ങിനിന്ന സേനയെ പിന്തിരിപ്പിക്കാന്‍ ആന്‍ റോസ് ന്യു തോംഗ് എന്ന കന്യാസത്രീ നടത്തിയ ധീര ശ്രമങ്ങളാണ് വീഡിയോയിലുള്ളത്.

തൂവെള്ള വസ്ത്രത്തില്‍ നഗരത്തിലെത്തിയ കന്യാസത്രീ പട്ടാളക്കാര്‍ക്കു മുന്നില്‍ മുട്ടുകുത്തി കരഞ്ഞു കൈകൂപ്പി നിന്ന് പ്രതിഷേധക്കാര്‍ക്കു പകരം തന്നെ വെടിവെക്കാന്‍ ആവശ്യപ്പെടുകയാണ്.

പ്രക്ഷോഭത്തില്‍ കുട്ടികളെ വെടിവെക്കരുതെന്നായിരുന്നു താന്‍ അവരോട് യാചിച്ചതെന്ന് പിന്നീട് കന്യാസ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് പിന്‍വാങ്ങും വരെ താന്‍ പിന്‍വാങ്ങില്ലെന്നും പറഞ്ഞാണ് കന്യാസ്ത്രീ സേനക്കു മുന്നില്‍ മുട്ടുകുത്തിയത്. കന്യാസ്ത്രീ മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്നത് കണ്ട് പൊലീസുകാരും ഒടുവില്‍ നെറ്റി നിലത്തുവെച്ച് മാപ്പപേക്ഷയുടെ സ്വരത്തില്‍നിന്നു.

ഇവിടെ തിങ്കളാഴച നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നായിരുന്നു കന്യാസ്ത്രീയുടെ ഇടപെടല്‍.

അതേസമയം, രാജ്യത്ത് തുടരുന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ ഇതുവരെ 60ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1,800 ലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് കണക്കുകള്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top