News Desk

2021-06-07 04:24:54 pm IST
അബുദാബി: അമിത വണ്ണമുള്ളവരില്‍ കൊവിഡ് ഗുരുതരമാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് യു.എ.ഇ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമിത വണ്ണമുള്ളവര്‍ക്ക് ശ്വാസകോശത്തിന്റെ ശേഷിക്കുറവു മൂലം ശ്വസിക്കാന്‍ പ്രയാസമുണ്ടാകും.

ഇവരില്‍ പ്രതിരോധശേഷിയും കുറയുമെന്നും ഇത്തരക്കാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ന്യൂമോണിയ വരാനും രോഗം ഗുരുതരമാകാനുമുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ദര്‍ പറഞ്ഞു. ഇങ്ങനെയുള്ളവര്‍ക്ക് ആശുപത്രി വാസവും ദീര്‍ഘകാല ചികിത്സയും വേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

60 വയസ്സിനു മുകളിലുള്ള പ്രമേഹ, ഹൃദ്രോഗ, വൃക്ക രോഗികള്‍ക്കും കീമോതെറപ്പി എടുത്തവര്‍ക്കും കൊവിഡ് പിടിപെട്ടാല്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന് ആഗോള പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഈ വിഭാഗക്കാര്‍ക്കായി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രത്യേക ബോധവല്‍ക്കരണ പദ്ധതി ആരംഭിച്ചു.

രോഗപ്രതിരോധ നടപടി സ്വീകരിക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക, മതിയായ ചികിത്സ ലഭ്യമാക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. രോഗപ്രതിരോധ ശേഷി കുറഞ്ഞ ഈ വിഭാഗക്കാര്‍ കൊവിഡ് വാക്‌സിന്‍ എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ആസ്മ, ശ്വാസകോശ രോഗം, ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, എയ്ഡ്‌സ്, അര്‍ബുദം തുടങ്ങിയ രോഗമുള്ള വയോധികര്‍ക്കു വാക്‌സിന്‍ എടുത്ത് പ്രതിരോധ ശേഷി ഉറപ്പാക്കണം. പിന്നീട് രോഗം പിടിപെട്ടാലും ഗുരുതരമാകില്ല. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തി ബോധവല്‍ക്കരണം ശക്തമാക്കുമെന്ന് ഹെല്‍ത്ത് എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊമോഷന്‍ ഡയറക്ടര്‍ ഡോ. ഫാദില മുഹമ്മദ് ഷരീഫ് പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top