News Desk

2021-06-22 01:41:26 pm IST
ദോഹ: നിലവില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കുള്ള റാപിഡ് പരിശോധനയും രാജ്യത്തെ കൊവിഡ് നിയമങ്ങള്‍ ലഘൂകരിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ. യൂസുഫ് അല്‍ മസ്ലമണി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ തല്‍സ്ഥിതിയില്‍ തുടരുന്നത് അവര്‍ക്കും സമൂഹത്തിനും ആപത്താണ്. ഇത്തരം ആളുകള്‍ക്ക് തൊഴിലിടങ്ങളിലും മറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള റാപിഡ് കൊവിഡ് പരിശോധന ഇനിയും തുടരും. കോവിഡ് ഇളവുകളില്‍ ഇവ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. ഖത്തറില്‍ കൊവിഡ് പ്രതിരോധ രംഗത്ത് കൃത്യമായ കണക്ക് കൂട്ടലോടെയാണ് അധികൃതര്‍ നീങ്ങുന്നത്.

ജനങ്ങളുടെ സഹകരണമാണ് ഇതില്‍ പ്രധാനം. വാക്‌സിന്‍ മികച്ച രീതിയില്‍ വിതരണം ചെയ്യപ്പെടുകയും കൊവിഡ് ഭീതി കുറയുകയും ചെയ്യുന്നതോടെ ജനങ്ങള്‍ ഇക്കാര്യത്തില്‍ അശ്രദ്ധ കാണിച്ചാല്‍ കാര്യങ്ങള്‍ വീണ്ടും തകിടം മറിയും. വാക്‌സിന്റെ ഫലപ്രാപ്തി 95 ശതമാനം ആണെന്ന് ജനങ്ങള്‍ മറക്കരുത്. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും അല്‍ മസ്ലമണി പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top