News Desk

2021-02-26 11:04:19 pm IST
ന്യൂഡല്‍ഹി: ചെക്ക് ഇന്‍ ബാഗേജില്ലാതെ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവു നല്‍കാന്‍ അനുമതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. 

ക്യാബിന്‍ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്ന ആഭ്യന്തര വിമാന യാത്രക്കാര്‍ക്കാണ് നിരക്ക് ഇളവ് നല്‍കാന്‍ അനുവദിച്ചത്. ഇളവ് ലഭിക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ബാഗേജിന്റെ ഭാരം സംബന്ധിച്ച വിവരം മുന്‍കൂട്ടി അറിയിക്കണം. നിലവില്‍ ഒരു യാത്രക്കാരന് ഏഴ് കിലോഗ്രാം ക്യാബിന്‍ ബാഗേജും 15 കിലോഗ്രാം ചെക്ക്-ഇന്‍-ബാഗേജും യാത്രയില്‍ കരുതാമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ അധിക തുക ഈടാക്കും. പുതിയ ചട്ടമനുസരിച്ച് സീറോ ബാഗേജ് / നോ ചെക്ക് ഇന്‍ ബാഗേജ് ചരക്കുകൂലി സൗജന്യത്തിന് വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കും. ടിക്കറ്റില്‍ ഇക്കാര്യം രേഖപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ യാത്രാസമയത്ത് ബാഗേജ് ഉണ്ടെങ്കില്‍ അധിക തുക അടയ്ക്കാനും സംവിധാനം ഒരുക്കും. 

സീറ്റുകളിലെ മുന്‍ഗണന, ഭക്ഷണം, പാനീയം, ലഘുഭക്ഷണം, വിശ്രമമുറി, കായികോപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയ്ക്കായി ഈടാക്കുന്ന ചാര്‍ജുകളില്‍ ഇളവ് നല്‍കാനും ആഭ്യന്തരവിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top