News Desk

2021-03-06 06:51:10 pm IST
ന്യൂഡല്‍ഹി: ഉല്‍പ്പാദന വെട്ടിക്കുറവ് തുടരാനുളള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യ അടക്കമുളള ഉപഭോക്തൃ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് അപകടകരമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി. 

കൊവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആവശ്യകതയില്‍ ഗണ്യമായ വീണ്ടെടുക്കലിനായി കാത്തിരിക്കാന്‍ തീരുമാനിച്ചതിനാല്‍ ഏപ്രിലില്‍ വിതരണം വര്‍ദ്ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങളും സഖ്യകക്ഷികളും ചേര്‍ന്ന ഒപെക് പ്ലസ് തീരുമാനിച്ചു. 

ഒപെക് പ്ലസ് കൂട്ടായ്മയുടെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് വില ഉയര്‍ന്നു. ഇതോടെ ഈ വര്‍ഷം ആകെ വിലവര്‍ധന 33 ശതമാനമായി. മെയ് മാസ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ഒരു ശതമാനം ഉയര്‍ന്ന് ബാരലിന് 67.44 ഡോളറിലെത്തി. ഈ ആഴ്ച രണ്ട് ശതമാനമാണ് ക്രൂഡ് നിരക്ക് മുന്നേറിയത്.

പതിനാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എണ്ണവില ഉയര്‍ന്നത് ഒപെക് പ്ലസ് അടക്കമുള്ള ഉല്‍പാദക രാജ്യങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും. വരുംദിവസങ്ങളില്‍ വില വീണ്ടും ഉയരാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദനം നടത്തുന്ന സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വന്‍ നേട്ടമാണ് ഇതിലൂടെ ലഭിക്കുക. 

ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ഉപഭോഗ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയില്‍ വലയുന്ന ഇന്ത്യയെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയല്ല ഇത്. ഉല്‍പാദന രാജ്യങ്ങളുടെ ഇത്തരം നടപടികള്‍ ഉപഭോക്തൃ രാജ്യങ്ങളുടെ വീണ്ടെടുക്കലിനെ ദുര്‍ബലപ്പെടുത്താനും ഉപഭോക്താക്കളെ കൂടുതല്‍ വിഷമ വൃത്തത്തിലാക്കാനും ഇടയാക്കും. പ്രത്യേകിച്ചും നമ്മുടെ വില സെന്‍സിറ്റീവായ വിപണിയില്‍ പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

നിലവില്‍ രാജ്യത്തിന് ആവശ്യമായ 84 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഒപെക് രാജ്യങ്ങളില്‍ നിന്നാണ് പ്രധാന ഇറക്കുമതി. നിലവിലുള്ള ഭാരിച്ച ഇന്ധനനികുതി കുറയ്ക്കാതെ വില കൂട്ടിയാല്‍ വന്‍ ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് മേലുണ്ടാകുക. 2020 മാര്‍ച്ച്-മെയ് മാസത്തിനിടയില്‍ മാത്രം പെട്രോളിനും ഡീസലിനും യഥാക്രമം 13,16 രൂപയാണ് എക്സൈസ് നികുതിയിനത്തില്‍ വര്‍ധിപ്പിച്ചിരുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top