Article Desk

Jamsheena Mullappatt

2020-05-20 12:07:23 am IST
1970-കളില്‍ എണ്ണവില കുതിച്ചുയര്‍ന്നതോടെയാണ് ഗള്‍ഫ് മേഖലയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. അതുവരെ, കൃഷിയും മീന്‍പിടിത്തവും കന്നുകാലി കച്ചവടവൂം മറ്റുമായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍. എണ്ണഖനനത്തിലൂടെയും കയറ്റുമതിയിലൂടെയും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുതിയ സാമ്പത്തികമാനം കൈവന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാന്‍ തുടങ്ങി. 

പുതിയ കെട്ടിടങ്ങളും വൈദ്യുതിനിലയങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും റോഡുകളും പാലങ്ങളും പണിയാനാരംഭിച്ചു. അതിന് തൊഴില്‍ശക്തിയും സാങ്കേതികവിജ്ഞാനവും ആവശ്യമായി. ഗള്‍ഫ് മേഖല തൊഴിലന്വേഷകര്‍ക്കു മുന്നില്‍ തുറന്നിടപ്പെട്ടു. തുടര്‍ന്ന് ഗള്‍ഫ് കുടിയേറ്റത്തിന്റെ സുവര്‍ണ കാലഘട്ടം ആരംഭിച്ചു. വലിയൊരു ശതമാനം മലയാളികളും അറബിപ്പൊന്ന് തേടി കുടിയേറി. 

ഇന്ന് എണ്ണ കയറ്റുമതി ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന വരുമാനമാര്‍ഗമാണ്. ഗള്‍ഫ് യുദ്ധവും സാമ്പത്തിക മാന്ദ്യവും എണ്ണവിലയില്‍ പരിക്കുകളുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത്തരം പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ എണ്ണേതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആവിഷ്‌ക്കരിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൊറോണ വൈറസ് മഹാമാരി ലോകത്താകമാനം പടര്‍ന്നു പിടിച്ചത്. 

രാജ്യങ്ങളെല്ലാം ലോക്ഡൗണിലായതും സര്‍വീസ് സെക്ടര്‍ നിശ്ചലമായതും എണ്ണവില താഴാന്‍ കാരണമായി. തല്‍ഫലമായി ഏറ്റവും  കൂടുതല്‍ എണ്ണ കയറ്റുമതി  ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളെ  അത് സാരമായി ബാധിക്കപ്പെട്ടു.   ഇതിന്റെ അനന്തര ഫലങ്ങള്‍ ഗള്‍ഫ് മേഖലയുടെ സമ്പത്ത് വ്യവസ്ഥയെ തകര്‍ച്ചയില്‍ കൊണ്ടെത്തിച്ചു. രാജ്യങ്ങളുടെ ബജറ്റുകള്‍ താളം തെറ്റി. എണ്ണ കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ള സൗദി അറേബ്യയും യു.എ.ഇയും കുവൈത്തുമാണ് കൂടുതല്‍ തകര്‍ച്ച അഭിമുഖീകരിക്കേണ്ടി വരിക.

സൗദിയുടെ ബജറ്റ് വരുമാനത്തിന്റെ 87 ശതമാനവും എണ്ണയെ ആശ്രയിച്ചാണ്. എണ്ണേതര മേഖലകളില്‍ വലിയ നിക്ഷേപത്തിന് കളമൊരുക്കുന്ന സൗദിയുടെ വികസന പദ്ധതിയായ വിഷന്‍ -2030 ആവിഷ്‌ക്കരിച്ചത് ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചായിരുന്നു. എന്നാല്‍ കൊറോണ മൂലമുണ്ടായ പ്രതിസന്ധി അതിനെ തകിടം മറിച്ചു. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മൂല്യവര്‍ധിത നികുതി അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തി. പൊതുമേഖല  ജീവനക്കാര്‍ക്ക് 2018ല്‍ അനുവദിച്ചിരുന്ന ജീവിതചെലവ് ഇളവുകളും നിര്‍ത്തലാക്കി. ചെലവുകള്‍ നടത്താനായി കരുതല്‍ ധനത്തില്‍ സര്‍ക്കാര്‍ കൈ വെയ്ക്കുകയുമുണ്ടായി. ഇതിനു പുറമെ ബോണ്ട് മാര്‍ക്കറ്റില്‍ നിന്നും കോടിക്കടക്കിന് പണം കടമായി എടുക്കുന്നുമുണ്ട്. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതു മൂലം ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അരാംകോ എണ്ണ കമ്പനിയുടെ അറ്റാദായം 25 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.

സൗദിയുടെ  വരുമാന മാര്‍ഗത്തില്‍ പ്രധാനമായിരുന്ന ഹജ്ജ്- ഉംറ തീര്‍ത്ഥാടന സീസണും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. 12 ബില്യണ്‍ ഡോളറാണ് ഒരു വര്‍ഷം സീസണില്‍ ലഭിക്കുക. രാജ്യത്തെ എണ്ണ ഇതര മേഖലയില്‍ നിന്നുള്ള 20 ശതമാനം ജി.ഡി.പി മക്ക തീര്‍ത്ഥാടനം വഴിയാണ്. 

കൊവിഡ് പ്രതിസന്ധി മൂലം എണ്ണ വിപണിയിലും നിക്ഷേപ ആസ്തിയിലും ഉണ്ടായ ഇടിവ് കുവൈത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തിരിച്ചടി നല്‍കുമെന്ന് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ സബ വ്യക്തമാക്കിയിരുന്നു. എണ്ണ വിലയിടിവിലെ ആഘാതങ്ങളില്‍ നിന്ന് കുവൈത്തിന്റെ സമ്പത്ത് വ്യവസ്ഥയെ   സംരക്ഷിക്കുക എന്ന അഭൂതപൂര്‍വ്വമായ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. 

ഇനി ഒമാന്റെ കാര്യമെടുക്കുകയാണെങ്കിൽ എണ്ണ തകര്‍ച്ചയുടെ ആഘാതം കുറയ്ക്കുന്നതിന് വേണ്ടി രണ്ടു മാസത്തിനിടെ രണ്ടു തവണയാണ് ഒമാന്‍ ബജറ്റ് മാറ്റിയെഴുതിയിരിക്കുന്നത്. എണ്ണ വിലയിടിവ് മൂലം ഒമാനിന് ഈ വര്‍ഷം കമ്മി ബജറ്റായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്റ് പി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റ പൊതുപരിപാടികള്‍ വെട്ടിക്കുറക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പുതിയ നിയമ വ്യവസ്ഥകള്‍ രാജ്യം ആവിഷ്‌ക്കരിക്കുകയും ചെയ്തു. 

 പക്ഷേ ഖത്തറിൽ  എണ്ണ വിലയിലെ ഇടിവ് മൂലം ഖത്തര്‍ പെട്രോളിയം തൊഴിലാളികളെ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും എണ്ണേതര വരുമാനമുള്ള രാജ്യമായ ഖത്തറിനു വലിയ പ്രകൃതി വാതക നിക്ഷേപമുണ്ട്. എണ്ണ വില ഇടിഞ്ഞാലും രാജ്യത്തിന് ഒരു പരിധി വരെ പിടിച്ചുനിൽക്കാം .

ഇനി യു.എ.ഇയുടെ കാര്യത്തിൽ എണ്ണേതര മേഖലയില്‍ നിന്നും വരുമാനം കണ്ടെത്തുന്നുണ്ടെങ്കിലും കൊവിഡ് പ്രതിസന്ധി ഈ മേഖലകളെയും സാരമായി ബാധിച്ചു. ദുബൈ എക്‌പോ അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിവെച്ചു. ഇതുമൂലം ടൂറിസം വരുമാനത്തില്‍ വന്‍ ഇടിവാണ് വന്നത്. രാജ്യത്തിന്റെ മറ്റൊരു വരുമാന മാര്‍ഗം വ്യവസായമാണ്  ഈ മേഖലയും ഇപ്പോള്‍ നിശ്ചലമാണ്. 

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ്, ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചെങ്കിലും രാജ്യാന്തര വിപണിയില്‍ വില പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടില്ല. ദൈനം ദിന എണ്ണ ഉല്‍പാദനത്തില്‍ നിന്നും 75 ലക്ഷം ബാരല്‍ വെട്ടിക്കുറക്കാനാണ് സൗദി ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രധാന വരുമാന മാര്‍ഗമായി എണ്ണ ഉൽപാദനത്തെ  ആശ്രയിക്കുന്ന ജി.സി.സി രാജ്യങ്ങളെ തേടി വരുന്നത് കടുത്ത സാമ്പത്തിക  പ്രതിസന്ധിയാണെന്ന് ഐ.എം.എഫും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2034ഓടെ ഗള്‍ഫ് രാജ്യങ്ങള്‍ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും അന്താരാഷ്ട്ര നാണയ നിധി കണക്കുകൂട്ടുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് മേഖലയിലെ വലിയൊരു ഭാഗം എണ്ണ ശേഖരവും ഉപയോഗിച്ച് തീരുമെന്നും തുടര്‍ന്ന് വന്‍ നഷ്ടം ഈ മേഖല അഭിമുഖീകരിക്കുമെന്നും ഐ.എം.എഫ് മുന്നറിയിപ്പു നല്‍കുന്നു. പ്രതിസന്ധി രൂക്ഷമാകുന്നതോടെ രണ്ട് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് ഗള്‍ഫ് മേഖലയ്ക്ക് ഉണ്ടാകാന്‍ പോകുന്നത്. ഇതില്‍ നിന്നും കരകയറാന്‍ അടിയന്തിരമായി സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവും ഐ.എം.എഫ് മുന്നോട്ടു വെച്ചിട്ടുണ്ട്. പെട്രോ കെമിക്കലുകളുടെ ഉത്പാദനത്തിലേക്ക് എണ്ണ ഉത്പാദനത്തെ വഴിതിരിച്ചുവിട്ടാല്‍ ഒരു പരിധി വരെ ഗള്‍ഫ് മേഖലയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് ഐ.എം.എഫ് നിര്‍ദേശിച്ചിരുന്നു.

ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം കുറഞ്ഞതോടെ വന്‍കിട എണ്ണ സംഭരണികളില്‍ സൂക്ഷിച്ചിട്ടുള്ള അസംസ്‌കൃത എണ്ണയുടെ സംസ്‌കരണവും കമ്പനികള്‍ കുറച്ചു. ഇതോടെ സംഭരണികള്‍ നിറയാനും തുടങ്ങി. എണ്ണ വില മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ കൂറ്റന്‍ എണ്ണ കപ്പലുകളിൽ  സൂക്ഷിച്ചിരിക്കുന്ന എണ്ണ വില വർധിക്കാത്തതിനാൽ  ടാങ്കറില്‍ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയാണ്.ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ വില്‍ക്കാനോ, ചരക്ക് നീക്കാനോ പറ്റാത്ത സ്ഥിതിയില്‍ എണ്ണ കിണറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുക മാത്രമാണ് ഇനി വഴി.പക്ഷേ  പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ വീണ്ടും ഇവ പുനരംഭിക്കാന്‍ വലിയ നിക്ഷേപം വേണ്ടിവരും. ഇങ്ങനെ ഒരു നടപടിയിലേക്ക് നീങ്ങിയാല്‍ ഗള്‍ഫ് സമ്പത്ത് വ്യവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്കായിരിക്കും കൂപ്പുകുത്തുക. 

രാജ്യങ്ങൾ എണ്ണ ഉല്‍പ്പാദനം നിര്‍ത്തുന്നതോടെ ലക്ഷക്കണക്കിന് ആളുകൾക്കായിരിക്കും  തൊഴിൽ  നഷ്ടമാകുക. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ തൊഴില്‍ പ്രതിസന്ധിയാണുള്ളത്. പതിനായിരക്കണക്കിനു പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ടാണ് നാട്ടിലേയ്ക്ക് മടങ്ങുന്നത്. എണ്ണ വിലയിടിവ് തുടര്‍ന്നാല്‍ വിദഗ്ധ, അവിദഗ്ധ തെഴില്‍ മേഖലകള്‍ കൂട്ട പിരിച്ചു വിടലിന് സാക്ഷിയാവും. 

ഗള്‍ഫ് മേഖലയിലെ സാമ്പത്തിക തകര്‍ച്ചയെ മറികടക്കാന്‍ ഓരോ സര്‍ക്കാരുകളും അധികം വൈകാതെ തന്നെ എണ്ണേതര വരുമാണ മാര്‍ഗങ്ങള്‍ കണ്ടത്തേണ്ടതുണ്ട്. മറിച്ചാണെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയായിരിക്കും ഗള്‍ഫ് മേഖല അഭിമുഖീകരിക്കേണ്ടി വരിക.


Top