News Desk

2021-05-06 01:34:06 pm IST

മസ്‌കത്ത്: കൊവിഡ് ബാധിച്ച രോഗികളെ കണ്ടെത്താന്‍ കഴിവുള്ള കൈത്തണ്ടയില്‍ ധരിക്കാവുന്ന ഉപകരണം വികസിപ്പിച്ച് ഒമാനി ഗവേഷകന്‍. മിഡില്‍ ഈസ്റ്റ് കോളേജിലെ ഡോ. നിസ്സാര്‍ അല്‍ ബസ്സാമും സംഘവും വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തിന് രോഗം ബാധിച്ച ആളുകള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താനാകും.

ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ട ശേഷം രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചാല്‍ മനസ്സിലാക്കാനും ഇത് സഹായിക്കും. രോഗ ലക്ഷണങ്ങളായി വിലയിരുത്തുന്ന അടയാളങ്ങള്‍ നിരീക്ഷിക്കാനും ഇതിന് കഴിയും. 

ശരീര താപനില, ഹൃദയമിടിപ്പ്, ഓക്‌സിജന്‍ സാച്ച്വറേഷന്‍ മാറ്റം, ശബ്ദ തരംഗം വഴി കഫത്തിന്റെ സാന്നിധ്യം എന്നിവയും തിരിച്ചറിയാന്‍ ഈ ഉപകരണം ഉപയോഗിച്ച് സാധ്യമാകും. ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഏതെങ്കിലും അണുബാധ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രവചിക്കുന്നതിനും വിവരങ്ങള്‍ നല്‍കാനും ഇതുപയോഗപ്പെടും.

രജിസ്റ്റര്‍ ചെയ്യുന്ന രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ ജി.പി.എസ് വഴി ശേഖരിക്കുന്ന രീതിയാണ് ഉപകരണത്തിനുള്ളത്. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്. 

രാജ്യത്തെ കൊവിഡിന്റെ പുതിയ എണ്ണവും മറ്റു വിവരങ്ങളും ഉപകരണം വഴി രോഗിക്ക് അറിയാനുമാകും. ഉപകരണത്തിന് മനുഷ്യന്റെ മിക്ക അടയാളങ്ങളും വിജയകരമായി വായിച്ചെടുക്കാന്‍ കഴിയുമെന്ന് വിവിധ പരിശോധനകളില്‍ തെളിഞ്ഞതായി ഗവേഷകന്‍ ഡോ. ബസ്സാം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top