Jamsheena Mullappatt

2020-04-17 03:03:52 pm IST

ഗള്‍ഫ് നാടുകള്‍ക്ക് വന്‍ ദുരന്തമാണ് കൊറോണ വൈറസ് സമ്മാനിച്ചിരിക്കുന്നത്. രാജ്യങ്ങളുടെ നിലനില്‍പ്പിനെ വരെ പിഴുതെടുക്കുന്ന രീതിയിലാണ് ഈ വൈറസ് ഗള്‍ഫില്‍ പടരുന്നത്. പരിമിതമായ ആരോഗ്യ സംവിധാനങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വന്‍തിരിച്ചടി തന്നെയാവും കൊറോണ നല്‍കുക. 

കൊറോണ രാജ്യങ്ങള്‍ക്കുണ്ടാക്കുന്ന സാമ്പത്തിക, ആരോഗ്യ വെല്ലുവിളികള്‍ കൂടുതല്‍ ബാധിക്കുന്നത് പ്രവാസികളെയാണ്. ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ച് അവരുടെ എല്ലാ മേഖലകളെയും പടുത്തുയര്‍ത്തിയതില്‍ പ്രവാസി മലയാളിയുടെ പങ്ക് വളരെ വലുതാണ്. ഗള്‍ഫിന്റെ ഇന്നത്തെ അഭിവൃദ്ധി മലയാളിയുടെ അധ്വാനത്തിന്റെ ഫലമാണ് എന്നുള്ളതില്‍ തര്‍ക്കമില്ല. 

ഈ കൊറോണക്കാലത്ത് വിവിധ നിയന്ത്രണങ്ങള്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളും കൊണ്ടുവന്നിട്ടുണ്ട്. തെല്ലൊന്ന് ഭീതിയുണ്ടാക്കുന്ന വാര്‍ത്തകളാണ് ഒമാനില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. 

2018-ലെ കണക്കു പ്രകാരം 1,82,168 മലയാളികളാണ് ഒമാനില്‍ തൊഴിലെടുക്കുന്നത്. എണ്ണ വിലയിടിവും സ്വദേശിവല്‍ക്കരണവും മൂലം പിരിച്ചുവിടലുകള്‍ നടക്കുന്നതിനാല്‍ ഈ കണക്കില്‍ വ്യത്യാസമുണ്ടായിരിക്കാം. ഈ ആളുകളില്‍ ഭൂരിഭാഗം പേരും തൊഴിലെടുക്കുന്നത് സ്വകാര്യ മേഖലയിലാണ്. വൈറ്റ് കോളര്‍ ജോലി മുതല്‍ വീടുകളില്‍ പണിക്കു നില്‍ക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. 

നേരത്തെ പറഞ്ഞല്ലോ രാജ്യങ്ങള്‍ വലിയതോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന്. ഈ പ്രതിസന്ധി കണക്കിലെടുത്ത് കൊറോണ മൂലം നഷ്ടത്തിലായ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അവരുടെ പ്രവാസി തൊഴിലാളികളെ പിരിച്ചു വിടാം എന്നാണ് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചിരിക്കുന്നത്. പ്രവാസികളുടെ കുടിശ്ശിക പൂര്‍ണമായും നല്‍കിയതിനു ശേഷമായിരിക്കണം പിരിച്ചുവിടല്‍. 

പിരിച്ചു വിടുന്നവരെ നാട്ടിലേയ്ക്ക് അയക്കണം. എന്നാല്‍ അവര്‍ രാജ്യം വിടുന്നതിന് മുമ്പായി എല്ലാ കുടിശ്ശികകളും തീര്‍ത്തിരിക്കണമെന്നും സുപ്രീം കമ്മിറ്റി അംഗീകരിച്ച പാക്കേജില്‍ പറഞ്ഞിട്ടുണ്ട്. അടച്ചിട്ട കമ്പനികള്‍ക്ക് വാര്‍ഷിക അവധി നേരത്തെ നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. രോഗം ബാധിക്കുകയോ നിരീക്ഷണത്തിലോ ആയ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കണം. ആരോഗ്യ വകുപ്പിന്റെ രേഖയുണ്ടെങ്കിലാണ് ഈ അവധി ലഭിക്കുക. 

നിര്‍മാണ മേഖലയില്‍ നിന്നും ചെറുകിട വ്യാപാര മേഖലയില്‍ നിന്നുമായിരിക്കും കൂടുതല്‍ ആളുകളെ പിരിച്ചു വിടുക. എന്നാല്‍ നിലവില്‍ രാജ്യം ലോക്ഡൗണില്‍ ആയതിനാല്‍ ഈ സാഹചര്യം കഴിഞ്ഞാലായിരിക്കും പിരിച്ചുവിടലിന്റെ തോത് വര്‍ധിക്കുക. അങ്ങനെയെങ്കില്‍ ആയിരക്കണക്കിന് പ്രവാസി മലയാളിക്ക് തൊഴിലും ഉപജീവനവും നഷ്ടമാവും.

'കമ്പനികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അവരുടെ ജോലിക്കാരെ പിരിച്ചുവിടാനുള്ള അനുമതി സുപ്രീം കമ്മറ്റി നല്‍കിയിട്ടുണ്ട്. വിദേശികളെ മാത്രമായിരിക്കും പിരിച്ചുവിടുക. സ്വദേശികളെ ഒരുകാരണവശാലും പിരിച്ചുവിടരുതെന്നും നിര്‍ദേശമുണ്ട്. സ്വാഭാവികമായും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലയാളികളടക്കമുള്ള ഇന്ത്യക്കാരെയാണ്.', ഒമാനില്‍ ചെറുകിട വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന നൗഷാദ് മെഹമൂദ് പ്രസ് ഫോര്‍ ന്യൂസിനോട് പറഞ്ഞു.

'ഒമാനൈസേഷന്‍ ഏറ്റവും കൂടുതല്‍ നടപ്പാക്കുന്ന സമയമാണിത്. വൈറ്റ് കോളര്‍ ജോലിയൊക്കെ സ്വദേശികള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. നമ്മുക്ക് അറിയാവുന്നത് പോലെതന്നെ മറ്റുള്ള ഗള്‍ഫ് രാജ്യങ്ങളെ പോലെ സ്വദേശികള്‍ക്കിടയില്‍ വിദ്യാഭ്യാസമുള്ള ഒരുതലമുറ ഒമാനില്‍ കടന്നുവരുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ജോലി നല്‍കുക എന്നുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സ്വാഭാവികമായും പല തസ്തികകളും ഒമാനികള്‍ക്ക് വേണ്ടി മാറ്റിവെച്ചുകഴിഞ്ഞു. മലയാളികള്‍ ഏറ്റവും കൂടുതലുള്ള മെഡിക്കല്‍ മേഖലയില്‍ പോലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒമാനൈസേഷനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സ്വാഭാവികമായും ഒരുപാട് മലയാളികള്‍ക്ക് ജോലിനഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.', നൗഷാദ് മെഹമൂദ് പറഞ്ഞു.

തൊഴില്‍ നഷ്ടം സംഭവിച്ചാല്‍ സ്വാഭാവികമായും പ്രവാസിക്ക് ഒമാന്‍ വിടേണ്ടിവരും. ഇങ്ങനെയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കല്‍ കേരള സര്‍ക്കാരിന് വെല്ലുവിളിയാവും. ഒമാനെ കൂടാതെ മറ്റു ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളെ പിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പതിനായിരങ്ങള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയെത്തും. കൊറോണ ഗള്‍ഫ് നാടുകളില്‍ വരുത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആഘാതം കേരളത്തിലുമുണ്ട്. തൊഴില്‍ രഹിതരായ ആളുകള്‍ കൂട്ടത്തോടെ മടങ്ങിയെത്തുമ്പോള്‍ അവരുടെ പുനരധിവാസം അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനു വെല്ലുവിളി തന്നെയാവും. 

'ഗള്‍ഫില്‍ നിന്നും തിരിച്ചു വരുന്ന മലയാളികളുടെ പുനരധിവാസം ഒരു വലിയ പ്രശ്നം തന്നെയാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫില്‍ ജോലിചെയ്യുന്നത്. പക്ഷേ, പോസിറ്റീവായി തന്നെ നമ്മുക്ക് കാര്യങ്ങളെ കാണാം. എല്ലാവരും തിരിച്ചുവരേണ്ട അവസ്ഥ വരില്ലെങ്കില്‍കൂടി വലിയൊരു ശതമാനം ആളുകള്‍ക്ക് തിരിച്ചുവരേണ്ട കാലാവസ്ഥയാണ് ഇപ്പോള്‍ ഇവിടെയുള്ളത്. അവരെ പുനരധിവസിപ്പിക്കുക എന്നുള്ളത് വളരെ വലിയൊരു ടാസ്‌ക് ആണ്. അത് എത്രത്തോളം ഒരു സര്‍ക്കാരിനു ചെയ്യാന്‍ പറ്റുക എന്നുള്ളതില്‍ സംശയങ്ങളുണ്ട്. കാരണം നമ്മുടെ നാടിന്റെ സാമൂഹിക സാമ്പത്തിക കാലാവസ്ഥ എടുത്തു നോക്കുകയാണെങ്കില്‍ അതത്ര എളുപ്പമായിട്ടുള്ള കാര്യമല്ല.'

'നമ്മുക്ക് അനുഭവമുണ്ട്. ഇറാഖ് കുവൈത്തിനെ ആക്രമിച്ച സമയത്ത് ഇതുപോലെ ഒരു കുത്തൊഴുക്ക് ഉണ്ടായിരുന്നു ഗള്‍ഫില്‍ നിന്നും. ആ സമയത്ത് എന്തൊക്കെ പ്രശ്നങ്ങളാണ് നമ്മള്‍ നേരിട്ടതെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെ ഇരട്ടിയായിരിക്കും ഇനി നമ്മള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നം. എന്തായാലും സര്‍ക്കാര്‍ തലത്തില്‍ നിന്നും എത്രത്തോളം ചെയ്യും എന്നതില്‍ സംശയമുണ്ട്. പക്ഷേ, മലയാളികളാണ്. അതിജീവന പാഠവമുള്ളവരാണ്. എന്തായാലും അതിജീവിക്കുമെന്ന നിശ്ചയദാര്‍ഡ്യത്തില്‍ ജീവിക്കുന്നവരാണ് മലയാളികള്‍. ഏതു രാജ്യത്തും ഏതു അവസ്ഥയിലും ജീവിക്കാന്‍ മനസ്സുള്ളവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ ഗള്‍ഫ് അല്ലാതെ മറ്റൊരു മാര്‍ഗം അവര്‍ കണ്ടെത്തും എന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തന്നെ ഗള്‍ഫിനേക്കാളും ആളുകള്‍ താല്‍പ്പര്യപ്പെടുന്നത് ആഫ്രിക്കയിലോട്ടാണ്. ആഫ്രിക്ക വലിയൊരു മാര്‍ക്കറ്റായി വരുന്നുണ്ട്. പലരും രണ്ടാമത്തെ ഓപ്ഷന്‍ ആയി ആഫ്രിക്കയെ കാണുന്നുണ്ട്.', നൗഷാദ് മെഹമൂദ് പ്രസ് ഫോര്‍ ന്യൂസിനോട് പറഞ്ഞു.

ഒമാനില്‍ ഇതുവരെ 1019 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലം കൂടിയാണിത്. തെക്കന്‍ ബാത്തിന, ദാഖിലിയ തുടങ്ങിയ സ്ഥലങ്ങളിലും രോഗികളുടെ എണ്ണം കൂടുതലാണ്. എന്നാല്‍ ഇവിടങ്ങളിലെ തൊഴിലാളി ക്യാമ്പുകളില്‍ വൈറസ് പടര്‍ന്നിട്ടില്ലാ എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ലോക്ഡൗണിന്റെ കഷ്ടതകള്‍ പ്രവാസികളെ ബുദ്ധിമുട്ടിച്ചു തുടങ്ങിയിട്ടുണ്ട്. വീട്ടുവാടക, നാട്ടിലെ കുടുംബങ്ങള്‍ക്കയക്കേണ്ട പണം, ലോണ്‍ തുടങ്ങിയ കാര്യങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. എന്നാല്‍ ഭക്ഷണ സാധനങ്ങള്‍, അവശ്യ വസ്തുക്കള്‍ എന്നിവ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കുന്നുണ്ട്. രണ്ടുമാസമായി ശമ്പളവും കൂലിയും ലഭിക്കാത്ത തൊഴിലാളികള്‍ക്ക് ഇരുട്ടടിയായാണ് ഇപ്പോള്‍ പിരിച്ചുവിടലും വന്നിരിക്കുന്നത്. 

'നാട്ടില്‍ പലവിധ ചികിത്സകള്‍ നടത്തുന്ന ആളുകള്‍ ഇവിടുണ്ട്. തിരുവനന്തപുരം ആര്‍.സി.സിയില്‍ വരെ ചികിത്സ നടത്തുന്നവരുണ്ട്. ഇവര്‍ക്ക് ആവശ്യമുള്ള മരുന്ന് എത്തിക്കാനും പലരെയും നാട്ടിലെത്തിക്കാനും അടിയന്തരമായി യാത്രാ സൗകര്യം പുനസ്ഥാപിക്കേണ്ടതുണ്ട്. പിരിച്ചു വിടലിന് പുറമേ ശമ്പളമില്ലാത്ത ഈ സമയത്ത് വീട്ടു വാടക, സ്‌കൂള്‍ ഫീസ് എന്നിവ കൊടുക്കേണ്ടിവരുന്ന അവസ്ഥ. ഇങ്ങനെ ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.'

'കൈരളി, കെ.എം.സി.സി തുടങ്ങിയ സംഘടനകള്‍ ഇപ്പോള്‍ എല്ലാ മേഖലകളിലും ഭക്ഷണം എത്തിക്കുകയും ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പ്രധാനമായും ഞങ്ങളുടെ ഹെല്‍പ്ലൈന്‍ നമ്പറിലേക്ക് മരുന്ന് ചോദിച്ചാണ് ആളുകള്‍ വിളിക്കുന്നത്. ഇവിടെ ലഭ്യമായ മരുന്നുകള്‍ ഡോക്ടര്‍മാരുടെ ഒരു പാനല്‍ തയ്യാറാക്കി ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.', പേരുവെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകന്‍ പ്രസ് ഫോര്‍ ന്യൂസിനോട് പറഞ്ഞു.

'സാധാരണ ജനങ്ങളെ സംബന്ധിച്ച് അവര്‍ക്ക് ആവശ്യമുള്ള സാധങ്ങള്‍ വാങ്ങിക്കാനുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളും കടകളും തുര്‍ന്നിട്ടുണ്ട്. മറ്റുള്ള വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലൊക്കെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാനില്‍ ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മസ്‌കത്തിലാണ്. മസ്‌കത്തില്‍ തന്നെ വാദി കബീര്‍, മത്ര, റൂവി എന്നെ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.'

'ആദ്യമാരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മത്രയിലാണ്. അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങള്‍ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങള്‍ കൂടിയാണിത്. അതുകൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ വലിയൊരു ആശങ്കയുണ്ട്. മാത്രമല്ല മലയാളികള്‍ക്ക് സുപരിചിതനായ റൂവിയില്‍ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇതൊക്കെ അശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു ഈ പ്രതിസന്ധിയെ തരണം ചെയ്യും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.', നൗഷാദ് മെഹമൂദ് പറഞ്ഞു.

ഇന്ത്യയിലെ യാത്രാ നിരോധനം നീക്കിക്കഴിഞ്ഞാല്‍ തൊഴില്‍ നഷ്ടപ്പെട്ടായിരിക്കും പ്രവാസികളില്‍ ഭൂരിഭാഗം പേരും നാട്ടില്‍ തിരിച്ചെത്തുക. ആയുസിന്റെ നല്ലൊരു ഭാഗവും മരുഭൂമിയില്‍ ചിലവഴിച്ചു നിരവധി ആരോഗ്യ, സാമ്പത്തിക പ്രശ്നങ്ങളുമായാവും പ്രവാസി നാട്ടിലെത്തുക. ഇവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും അതിജീവനം സാധ്യമാകണമെങ്കില്‍ സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായേ മതിയാകൂ.


Top