മസ്കത്ത്: റെസിഡന്റ് കാര്‍ഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്കു മടങ്ങുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടി. ജൂണ്‍ 30 വരെയാണ് നീട്ടിയത്. ഇക്കാലയളവിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങാം.
കൊവിഡ് മഹാമാരി കണക്കിലെടുത്താണ് തീയതി നീട്ടിയതെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. രേഖകളില്ലാത്ത പ്രവാസികള്‍ രാജ്യം വിടാന്‍ നീട്ടിനല്‍കിയ കാലാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.
നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. ഇത് മാര്‍ച്ച് 31 വരെയും ശേഷം ഇന്നലെ ജൂണ്‍ 30 വരെയും നീട്ടുകയായിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mol.gov.om-ല്‍ നേരിട്ടോ സനദ് സെന്ററുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. ജൂണ്‍ 30-നുശേഷം അപേക്ഷകള്‍ സ്വീകരിക്കില്ല.
പദ്ധതിക്കു കീഴില്‍ അനുമതി ലഭിച്ചവര്‍ ജൂണ്‍ 30-നകം രാജ്യം വിടണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യം വിടാനുള്ള അനുമതിക്കായി 70,000-ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 50000-ത്തോളം പേര് ഇതിനോടകം രാജ്യം വിടുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തിയതില്‍ കൂടുതലും ബംഗ്ലാദേശ് സ്വദേശികളാണ്. 3000-ത്തോളം ഇന്ത്യക്കാര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എംബസിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മാനവവിഭവശേഷി മന്ത്രാലയം വെബ്സൈറ്റില്‍ സനദ് സെന്ററുകള്‍ വഴിയോ എംബസികള്‍ വഴിയോ സാമൂഹിക പ്രവര്‍ത്തകര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യുന്നതാണ് ഒന്നാമത്തെ ഘട്ടം. ഏഴു ദിവസത്തിനുശേഷം മന്ത്രാലയത്തില്‍നിന്ന് ക്ലിയറന്‍സ് ലഭിക്കും. ക്ലിയറന്‍സ് കോപ്പികള്‍ എംബസികളില്‍ നിന്നാണ് ലഭിക്കുന്നത്. ഇത് ഉപയോഗിച്ച് പാസ്പൊര്‍ട്ട് ഉള്ളവര്‍ക്ക് ടിക്കറ്റെടുത്ത് പി.സി.ആര് ടെസ്റ്റ് നടത്തി രാജ്യം വിടാവുന്നതാണ്. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് അതത് എംബസികള്‍ ഔട്ട്പാസും നല്‍കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക