News Desk

2021-04-05 07:43:56 pm IST
മസ്‌കത്ത്: കൊവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് റമദാന്‍ മാസത്തില്‍ കര്‍ശന കൊവിഡ് നിബന്ധനകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍ ആരോഗ്യ മന്ത്രാലയം.

റമദാന്‍ മാസത്തില്‍ വലിയ സമ്മേളനങ്ങള്‍, പള്ളികളിലെ കൂട്ട പ്രാര്‍ത്ഥനകള്‍, മറ്റ് നിരവധി സാമുദായിക പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സാധാരണയായി നടത്തി വരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷവും ഇവയ്‌ക്കെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 

രാജ്യത്ത് നിലവില്‍ വൈകിട്ട് എട്ടു മണി മുതല്‍ രാവിലെ അഞ്ചു മണി വരെ നിലവിലുള്ള കര്‍ഫ്യൂ ഏപ്രില്‍ എട്ടിന് അവസാനിക്കുമെങ്കിലും റമദാന്‍ മാസത്തിലുടനീളം രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ സമയത്ത് എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിരോധിക്കും. ഇഫ്താര്‍ സംഗമങ്ങള്‍, ഇഫ്താര്‍ കൂടാരങ്ങള്‍ തുടങ്ങിയ റമദാന്‍ സമ്മേളനങ്ങള്‍ രാജ്യത്ത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

റമദാന്‍ മാസത്തില്‍ ഇഷാ പ്രാര്‍ത്ഥനയ്ക്ക് ശേഷം രാത്രിയില്‍ നടത്തുന്ന അധിക പ്രാര്‍ത്ഥനകളായ തറാവീഹ് പ്രാര്‍ത്ഥന അനുവദിക്കില്ല. എല്ലാ വിനോദ, കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും റമദാന്‍ മാസത്തില്‍ നിര്‍ത്തിവെയ്ക്കും.

അതേസമയം, ഒമാന്‍ പൗരന്മാര്‍ക്കും ഒമാനിലെ റെസിഡന്‍സി വിസ കൈവശമുള്ളവര്‍ക്കും മാത്രമേ ഏപ്രില്‍ എട്ടു മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top