News Desk

2021-02-28 03:07:29 pm IST
മസ്‌കത്ത്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ട് നിഷേധിച്ച സൗദിയുടെ നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ട് നിഷേധിച്ച് സൗദി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെയാണ് പിന്തുണച്ചത്.

കേസില്‍ നിഷ്പക്ഷമായി നടപടികളെടുത്ത സൗദി അറേബ്യയിലെ നീതിന്യായ വ്യവസ്ഥയെ ഒമാന്‍ അഭിനന്ദിച്ചു. അതേസമയം, നേരത്തെ യു.എ.ഇയും കുവൈത്തും സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. 

സൗദിയുടെ  നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും സൗദിയിലെ നീതിന്യായ വ്യവസ്ഥയ്ക്കും, നിയമങ്ങള്‍ സുതാര്യമായും നിഷ്പക്ഷമായും നടപ്പിലാക്കുന്നതില്‍ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്കും പിന്തുണ നല്‍കുന്നതായും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി.

ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൗദി അറേബ്യ പൂര്‍ണമായും നിഷേധിച്ചിരുന്നു.

രാജ്യനേതൃത്വത്തെ കുറിച്ച് റിപ്പോര്‍ട്ടിലെ നിഷേധാത്മകവും തെറ്റായതുമായ നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 

കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്‌തെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കിയത് ജമാല്‍ ഖഷോഗിയുടെ കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ വിശദമാക്കിയിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top