2021-02-03 02:50:52 pm IST
ഒമാനില്‍ ഒരു ഇടവേളക്കു ശേഷം വീണ്ടും കൊവിഡ് -19 പടര്‍ന്നു പിടിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. രാജ്യത്ത് പുതുതായി ആറുപേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ജനുവരി 21 ന് മുമ്പ് 51 ആയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇത് നൂറിലധികമായെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കുന്നു. വൈറസ് വ്യാപനം വീണ്ടും കണ്ടു തുടങ്ങിയത് രാജ്യത്തെ ജനങ്ങളുടെ ജാഗ്രതക്കുറവ് മൂലമാണെന്നാണ് ഒമാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കര അതിര്‍ത്തികള്‍ അടച്ചു കൊണ്ട് ഒമാന്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ജാഗ്രത കുറയുന്ന പക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നത്.
കൊവിഡിനെതിരായ പോരാട്ടത്തില്‍ പൊതു ജനങ്ങളുടെ സഹകരണം വളരെ പ്രധാനമാണ്. രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്.

രാജ്യം ഉടനെ ഒരു ലോക്ക്ഡൗണ്‍ നടപടിയിലേക്ക് നീങ്ങുകയില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കൊവിഡിന്റെ നിലവിലെ സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക പരിപാടികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലകളിലും കോളേജുകളിലും നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത് മാറ്റിവെച്ചു. സമ്മേളനങ്ങള്‍, എക്സിബിഷിനുകള്‍, പ്രാദേശിക പരിപാടികള്‍, കായിക മത്സരങ്ങള്‍, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍, പൊതു പരിപാടികള്‍ എന്നിവ നടത്തുന്നതും സുപ്രീംകമ്മിറ്റി നിരോധിച്ചു. ഡിസംബറില്‍ തന്നെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 17 മുതല്‍ കരാതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. നിലവില്‍ ഒമാന്റെ കര അതിര്‍ത്തികള്‍ ഫെബ്രുവരി എട്ട് തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി കര അതിര്‍ത്തികള്‍ അടച്ചിടുന്നത് നീട്ടാന്‍ തീരുമാനമെടുത്തത്.

അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങള്‍ അടക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നാണ് ഒമാന്‍ അധികൃതരുടെ നിലപാട്. കാരണം കര അതിര്‍ത്തികളെ അപേക്ഷിച്ച് വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നിയന്ത്രിക്കാന്‍ എളുപ്പമാണ്. മാത്രമല്ല, വിമാനയാത്രക്കാര്‍ക്ക് കൃത്യമായ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം കണ്ടെത്തിയതോടെ വിമാനത്താവളങ്ങള്‍ അടക്കുന്ന വിഷയം സുപ്രീം കമ്മിറ്റി പഠിച്ചുവരുകയാണ്. കൊവിഡ് വ്യാപനം സംബന്ധിച്ച വിശകലനങ്ങള്‍ നടത്തുന്ന ടെക്നിക്കല്‍ കമ്മിറ്റിയാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന വിഷയം പഠിച്ചുവരുന്നത്. കഴിഞ്ഞ ദിവസത്തെ സുപ്രീം കമ്മിറ്റി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല. വിമാനത്താവളം അടക്കുന്നത് സാമൂഹികമായും സാമ്പത്തികമായും പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. അതിനാല്‍ വിമാനത്താവളം പൂട്ടാനുള്ള തീരുമാനം നിലവില്‍ എടുക്കേണ്ടിവരില്ലെന്നാണ് കരുതുന്നത്. എന്നാല്‍ അത്യാവശ്യമില്ലെങ്കില്‍ പൗരന്മാരും സ്ഥിര താമസക്കാരും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. 

പുതിയ തീരുമാനം ഉണ്ടാകുന്നത് വരെ നിലവില്‍ പ്രവര്‍ത്തനാനുമതി നല്‍കിയ വാണിജ്യ സഥാപനങ്ങള്‍ തുറക്കാവുന്നതാണെന്ന് വ്യവസായ, വാണിജ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിരക്കുള്ള സമയങ്ങളില്‍ ഷോപ്പിംഗ് മാളുകളില്‍ പോകാതെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംവിധാനം ഉപയോഗിക്കണം. ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉള്ള സഥാപനങ്ങളില്‍ കൂട്ടം ചേരാന്‍ പാടില്ല. വാണിജ്യ സഥാപനങ്ങളിലും ആളുകള്‍ കൂട്ടം കൂടുന്ന മറ്റ് സഥലങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ വൊളണ്ടിയര്‍മാരെ നിയോഗിക്കുന്നതിനുള്ള നിര്‍ദേശവും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. അതേസമയം, കൊവിഡിനെതിരെ യുഎസ്-ജര്‍മന്‍ കമ്പനിയായ ഫൈസര്‍ ബയോഎന്‍ടെക്കിന്റെ വാക്സിനാണ് ഒമാനില്‍ വിതരണം ചെയ്യുന്നത്. വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയോ എടുക്കാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയോ ചെയ്യുകയില്ലെന്ന് ഒമാന്‍ ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍ ഒമാനിലെത്തിയിട്ടുണ്ട്. വാക്സിന്‍ മൈത്രി എന്ന പദ്ധതിയുടെ ഭാഗമാണ് സൗഹൃദ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന്‍ നല്‍കുന്നത്. കൊവിഷീല്‍ഡ് വാക്സിന്റെ ഒരു ലക്ഷം ഡോസ് ആണ് ഇന്ത്യ ഒമാന് നല്‍കിയത്. 

വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവര്‍ രണ്ടാമത്തേതും സ്വീകരിക്കണം. കൊവിഡ് വാകസിന്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ യാത്ര ചെയ്താല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാകില്ല. സ്വയം രോഗത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുമെങ്കിലും രോഗവാഹകന്‍ ആകാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല എന്നതിനാലാണ് ഇത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കമ്മിറ്റി പഠനം നടത്തി വരികയാണ്. രാജ്യത്ത് നടപ്പാക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും കൊവിഡിനെ പ്രതിരോധിക്കുമെന്നു തന്നെയാണ് വിദഗ്ധര്‍ നല്‍കുന്ന പ്രതീക്ഷ. ജാഗ്രത ഒട്ടും കൈവിടാതെ ഈ പോരാട്ടത്തില്‍ ജനങ്ങളുടെ സഹകരണം കൂടിയുണ്ടെങ്കിലേ കൊവിഡിനെ ഒന്നിച്ചു തുരത്താനാവൂ. അതിനാല്‍ നിലവില്‍ കര അതിര്‍ത്തികള്‍ അടച്ച് പരമാവധി രോഗവാഹകരെ തടയാനുള്ള ശ്രമങ്ങളാണ് ഒമാനില്‍ പുരോഗമിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ നടപടികളിലേക്കും  രാജ്യം കടന്നേക്കുമോ എന്നത് ജനങ്ങളുടെ സഹകരണത്തെ അടിസ്ഥാനമാക്കി മാത്രമേ വിലയിരുത്താനാവൂ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top