News Desk

2021-03-30 05:56:30 pm IST
മസ്‌കത്ത്: രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രി സഞ്ചാരവിലക്ക് ഭക്ഷ്യോല്‍പന്ന ലഭ്യതയെ ബാധിക്കാതിരിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തി ഒമാന്‍. വ്യവസായ-വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയതായി വാണിജ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍ ദൊഹാനി അറിയിച്ചു. 

എല്ലാ ഗവര്‍ണറേറ്റുകളിലും അടിസ്ഥാന ഭക്ഷ്യോല്‍പന്നങ്ങളുടെയും വാണിജ്യ ഉല്‍പന്നങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. മന്ത്രാലയം രൂപം നല്‍കിയ ടാസ്‌ക്‌ഫോഴ്‌സ് ഭക്ഷ്യോല്‍പന്നങ്ങളുടെ ലഭ്യത കൃത്യമായി നിരീക്ഷിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചുവെക്കേണ്ട ആവശ്യമില്ലെന്നും മുബാറക് അല്‍ ദൊഹാനി പറഞ്ഞു. സാധനങ്ങളുടെ ഉപഭോഗത്തില്‍ ക്രമീകരണം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയാത്ര വിലക്കുള്ള സമയങ്ങളില്‍ മൂന്നു ടണ്ണും അതിന് മുകളിലും ശേഷിയുള്ള ട്രക്കുകള്‍ക്ക് യാത്രാനുമതിയുണ്ട്. റോയല്‍ ഒമാന്‍ പൊലീസുമായി ചേര്‍ന്ന് മന്ത്രാലയം ഇതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. 

കൂടാതെ ഷോപ്പിങ്ങുകള്‍ നേരത്തേ പൂര്‍ത്തിയാക്കണമെന്നും അവസാന സമയങ്ങളില്‍ തിരക്കുണ്ടാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. യാത്രവിലക്ക് രണ്ടു ദിവസം പിന്നിട്ടിട്ടും ഇതുവരെ നിയമ ലംഘനങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 1099 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top