News Desk

2022-06-22 08:26:02 pm IST
മസ്‌കത്ത്: ഒമാനില്‍ കടലില്‍ കാണാതായ രണ്ട് സ്വദേശി യുവാക്കള്‍ പത്ത് ദിവസത്തിന് ശേഷം തിരിച്ചെത്തി. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തു നിന്നാണ് യുവാക്കളെ കാണാതായത്. ഇരുവരെയും
ജൂണ്‍ ഒന്‍പതിന് മത്സ്യബന്ധനത്തിന് പോയപ്പഴാണ് കാണാതായത്. 

ഇവര്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുകയായിരുന്നു. ഒമാന്‍ പൗരന്മാരായ അലി അല്‍ ജാഫരി, സലീം അല്‍ ജാഫരി എന്നിവരാണ് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പത്ത് ദിവസത്തോളം കടലില്‍ കഴിച്ചൂകൂട്ടിയത്. 

മത്സ്യബന്ധനത്തിന് പോയ ഇവരുടെ ബോട്ടിന്റെ എഞ്ചിന്‍ നടുക്കടലില്‍ വെച്ച് നിലക്കുകയായിരുന്നു. ആരെയും ബന്ധപ്പെടാനുള്ള ഉപഗ്രഹ സംവിധാനങ്ങള്‍ ഇവരുടെ പക്കലുണ്ടായിരുന്നില്ല. പത്ത് ദിവസത്തോളം നടുക്കടലില്‍ ഒഴുകി നടന്ന ഇവരുടെ കൈവശം ആകെ നാല് ലിറ്റര്‍ വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്.

പത്താം ദിവസം കടലിലൂടെ കടന്നുപോവുകയായിരുന്ന ഒരു പാകിസ്ഥാനി വാണിജ്യക്കപ്പലിലെ ജീവനക്കാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കപ്പല്‍ ജീവനക്കാരുടെ സഹായത്തോടെ ഇവര്‍ ഒമാന്‍ അധികൃതരെയും നാട്ടിലുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. കറാച്ചിയിലെ ഒമാന്‍ എംബസി അധികൃതരും പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ജീവനക്കാരും ഇവരെ കറാച്ചിയില്‍ സ്വീകരിച്ച് ചികിത്സ ലഭ്യമാക്കിയ ശേഷം മസ്‌കത്തിലേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top