News Desk

2021-10-15 07:09:04 pm IST

റായ്പുര്‍: ഛത്തീസ്ഗഢിലെ ജയ്ഷ്പുര്‍ നഗറില്‍ ദസറ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ കൊല്ലപ്പെട്ടു. 16 പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ പാതല്‍ഗാവോണ്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദുര്‍ഗാ വിഗ്രഹം നിമഞ്ജനം ചെയ്യാനായി കൂട്ടമായി പോകുകയായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. പാതല്‍ഗാവോണിലെ റായ്ഗഢ് റോഡിലാണ് സംഭവം. ക്ഷുഭിതരായ നാട്ടുകാര്‍ കാര്‍ അടിച്ചുതകര്‍ത്ത് തീവെച്ചു. 

വാഹനമോടിച്ച ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. വാഹനത്തില്‍ നിന്ന് കഞ്ചാവ് കെട്ടുകള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബബ്ലു വിശ്വകര്‍മ, ശിശുപാല്‍ സാഹു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ മധ്യപ്രദേശ് സ്വദേശികളാണെന്നാണ് വിവരം.

സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. ജനക്കൂട്ടത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top