News Desk

2021-04-08 04:33:38 pm IST
റിയാദ്: പ്രവാസികള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി. ഷോപ്പിങ് മാളുകളിലും അനുബന്ധ തൊഴിലുകള്‍ക്കും സമ്പൂര്‍ണ സ്വദേശിവല്‍കരണം ഏര്‍പ്പെടുത്തുമെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ റാജിഹി അറിയിച്ചു. പരിമിതമായ തൊഴിലുകള്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മാളുകളുടെ അഡ്മിനിസ്‌ട്രേഷന്‍ തൊഴിലുകള്‍ ഉള്‍പ്പെടെ മുഴുവന്‍ മേഖലകളും 100 ശതമാനം സ്വദേശികള്‍ക്ക് നീക്കിവെക്കണമെന്ന് മന്ത്രി പറഞ്ഞു.

ആഗസ്റ്റ് നാലു മുതല്‍ പരിശോധന ആരംഭിക്കും. മാനേജ്മെന്റ ഓഫീസുകള്‍ കൂടാതെ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റുകള്‍, കഫേകള്‍, വില്‍പനശാലകള്‍ എന്നിവയിലും സ്വദേശിവത്കരണം വ്യാപകമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാന കേന്ദ്ര വിതരണ വിപണിയിലും ഇത് നടപ്പാകും. 

പുതിയ നടപടിയുടെ ഭാഗമായി സ്വദേശി വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി പുതിയ 51000 തൊഴിലുകള്‍ സൃഷ്ടിക്കാനാണ് പദ്ധതി. വാണിജ്യ സ്ഥാപനങ്ങളും ഉടമകളും നിര്‍ദേശം പൂര്‍ണമായി പാലിക്കേണ്ടതുണ്ടെന്നും ലംഘനങ്ങള്‍ക്ക് ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക് തൊഴിലുടമകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

സമ്പൂര്‍ണ സൗദിവല്‍കരണം ലക്ഷ്യം വച്ചുള്ള നിതാഖാത്ത് പദ്ധതി ഭാഗമായാണ് ഈ നടപടി. സൗദി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുന്നതിനായി തൊഴില്‍ രംഗത്ത് സംവരണം ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് നിതാഖാത്ത്. വരും വര്‍ഷങ്ങളില്‍ അത്യാവശ്യം വേണ്ട വിദഗ്ദ ജോലികള്‍ ചെയ്യുന്ന വിദേശ തൊഴിലാളികളെ നിര്‍ത്തി ബാക്കിയെല്ലാം സൗദി പൗരന്മാര്‍ക്ക് സംവരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top