News Desk

2021-04-05 09:21:13 pm IST
ദോഹ: ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ (പിഎച്ച്സിസി) അടിയന്തരമല്ലാത്ത സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതായി പി.എച്ച്.സി.സി അധികൃതര്‍ അറിയിച്ചു. സേവനങ്ങള്‍ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ലഭ്യമാകും. ഏപ്രില്‍ നാല് മുതലാണ് ഈ മാറ്റം നിലവില്‍ വന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. നിലവില്‍ വാക്സിനേഷന് വേണ്ടി നിരവധി പേര്‍ പി.എച്ച്.സി.സികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ നേരിട്ടെത്തുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് തീരുമാനമെന്ന് പി.എച്ച്.സി.സി ഓപറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സംയ അഹ്മദ് അല്‍ അബ്ദുല്ല പറഞ്ഞു.

അതേ സമയം, ഫാമിലി മെഡിസിന്‍, ഡെന്റല്‍, സ്പെഷ്യാലിറ്റി സര്‍വീസസ് ഉള്‍പ്പെടെയുള്ളവയില്‍ അടിയന്തര സേവനങ്ങള്‍ക്ക് പി.എച്ച്.സി.സികളില്‍ നേരിട്ട് എത്താവുന്നതാണ്.

നേരിട്ടുള്ള സേവനങ്ങള്‍

1. അടിയന്തര സേവനം ആവശ്യമുള്ള രോഗികള്‍

2. വാക്ക് ഇന്‍ പേഷ്യന്റ്സ്

3. കൊവിഡ് ലക്ഷണമുള്ളവരും സമ്പര്‍ക്കമുള്ളവരും

4. കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍

5. പ്രസവാനന്തര ശുശ്രൂഷ (റഫറല്‍ കേസുകള്‍ മാത്രം)

6. അത്യവശ്യ എക്സ്റേ, അള്‍ട്രാ സൗണ്ട് സ്‌കാന്‍

7. കൊവിഡ് വാക്സിനേഷന്‍

8. ഡ്രൈവ് ത്രൂ കൊവിഡ് ടെസ്റ്റ്

9. ആറാം ദിവസത്തെ കൊവിഡ് പരിശോധന (യാത്രക്കാര്‍ക്കും, സമ്പര്‍ക്കത്തിലുള്ളവര്‍ക്കും)

10. ഹോം ഹെല്‍ത്ത് കെയര്‍

11. പ്രീമാരിറ്റല്‍ സേവനങ്ങള്‍

12. മെഡിക്കല്‍ കമ്മീഷന്‍

13. സ്‌കൂള്‍ രജിസ്ട്രേഷന്‍

രോഗികള്‍ക്ക് 16,000 എന്ന നമ്പറില്‍ വിളിച്ച് ടെലഫോണിലോ വീഡിയോ കോണ്‍ഫറന്‍സിലോ അടിയന്തര വൈദ്യസേവനങ്ങള്‍ തേടാവുന്നതാണ്. 16,000ല്‍ വിളിച്ച ശേഷം പി.എച്ച്.സി.സി ഒപ്ഷന്‍ സെലക്ട് ചെയ്ത് രണ്ട് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണ് ഇതിന് വേണ്ടത്. ഡോക്ടര്‍ നിങ്ങളുടെ പ്രശ്നം കേട്ട ശേഷം നേരിട്ടു പോവേണ്ടതുണ്ടെങ്കില്‍ അക്കാര്യം അറിയിക്കും.

മുഐതര്‍, റൗദത്ത് അല്‍ ഖൈല്‍, അല്‍ ഗറാഫ, അല്‍ കഅബാന്‍, അല്‍ ശഹാനിയ, അല്‍ റുവൈസ്, ഉം സലാല്‍, അബൂബക്കര്‍ അല്‍ സിദ്ദീഖ് എന്നീ എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും അടിയന്തര സേവനങ്ങള്‍ ലഭ്യമാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top