News Desk

2021-10-15 07:08:04 pm IST
കൊച്ചി: ആമസോണില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത മലയാളിക്ക് കിട്ടിയത് പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പും അഞ്ച് രൂപയുടെ നാണയവും. ആലുവ സ്വദേശി നൂറുല്‍ അമീന്‍ ആണ് കബളിപ്പിക്കപ്പെട്ടത്.

ആമസോണില്‍ 70,900 രൂപയുടെ ഐഫോണ്‍ ആണ് നൂറുല്‍ അമീന്‍ ബുക്ക് ചെയ്തത്. ഡെസ്പാച്ച് ആയ ഫോണ്‍ സേലത്ത് ഒരുദിവസം തങ്ങി എന്ന സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് സംശയം തോന്നി നൂറുല്‍ അമീന്‍ ഡെലിവറി ബോയ്‌യുടെ മുന്നില്‍വെച്ചു തന്നെ പാഴ്‌സല്‍ പൊട്ടിച്ചുനോക്കുകയായിരുന്നു. 

ഫോണ്‍ അണ്‍ബോക്സ് ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍-12 ക്രെഡിറ്റ് കാര്‍ഡ് വഴി ഇ.എം.ഐ ആയി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത്. ആമസോണിന്റെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്.

ഹൈദരാബാദില്‍ നിന്നും ഡെസ്പാച്ച് ആയ ഫോണ്‍ സേലത്ത് ഒരുദിവസം പിടിച്ചുവെച്ചു. ഇതില്‍ സംശയം തോന്നിയതിനാലാണ് ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി തുറന്നതെന്ന് നൂറുല്‍ അമീന്‍ പറയുന്നു. ഏകദേശം ഫോണിന്റെ തൂക്കത്തിനൊപ്പം വരുന്ന സാധനങ്ങള്‍ കുലുങ്ങാത്ത രീതിയിലായിരുന്നു അടുക്കിവെച്ചിരുന്നത്.

സാധാരണഗതിയില്‍ തെലങ്കാനയില്‍ നിന്നും ഡെസ്പാച്ച് ചെയ്യുന്ന സാധനങ്ങള്‍ രണ്ടു ദിവസത്തിനകം കൊച്ചിയില്‍ എത്തേണ്ടതാണ്. എന്നാല്‍, മൂന്നു ദിവസത്തിനു ശേഷമാണ് ഫോണ്‍ കൊച്ചിയില്‍ എത്തിയത്.

അടുത്തിടെ, ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഒരാള്‍ക്ക് ഐഫോണിന് പകരം സോപ്പ് കിട്ടിയിരുന്നു. ഈ വാര്‍ത്ത കണ്ടതിനാലാണ് ഫോണ്‍ എത്താന്‍ വൈകിയതില്‍ സംശയം തോന്നിയതെന്നും ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി പൊട്ടിച്ചതെന്നും നൂറുല്‍ അമീന്‍ പറയുന്നു.

ഉടന്‍ തന്നെ ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടു. വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മറുപടി മെയില്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതിപ്പെടുന്ന കാര്യം സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണ് നൂറുല്‍ അമീന്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top