News Desk

2021-03-14 06:24:29 pm IST
മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികള്‍ക്ക് നിര്‍ബന്ധിതമായി നടപ്പാക്കിയ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇതിനകം 11,000 ത്തിലധികം പേര്‍ കഴിഞ്ഞതായി ഒമാന്‍ അധികൃതര്‍ വ്യക്തമാക്കി. 

ഇവരില്‍ 10 ശതമാനം മാത്രമാണ് സ്വദേശികള്‍. ബാക്കി 90 ശതമാനം ആളുകളും പ്രവാസികളാണെന്നും സാമൂഹ്യ വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും റിലീഫ് ആന്റ് ഷെല്‍ട്ടര്‍ വിഭാഗം മേധാവിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ ഷംസി വ്യക്തമാക്കി.

ഫെബ്രുവരി 10നാണ് ഒമാന്‍ ഭരണകൂടം വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്. 482 ഹോട്ടലുകളിലാണ് ക്വാറന്റൈന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതില്‍ 200 എണ്ണവും മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്.

ഹോട്ടലുകള്‍ക്കു പുറമെ, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് സൗകര്യപ്രദമായ സ്റ്റാഫ് അക്കൊമഡേഷന്‍ സൗകര്യമുള്ള കമ്പനികള്‍ക്ക് വിദേശത്തു നിന്നെത്തുന്ന തങ്ങളുടെ സ്റ്റാഫിനെ അവിടങ്ങളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ നിബന്ധനകള്‍ക്കു വിധേയമായി അനുവാദം നല്‍കിയിരുന്നു.

അതേസമയം, ക്വാറന്റൈനു വേണ്ടി ഒരുക്കിയ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും കൊവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യമന്ത്രാലയം പരിശോധനകള്‍ നടത്തിവരുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top