ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പകുതി പേര്‍ക്കും കൊവിഡ് വന്നുപോയതായി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍. അഞ്ചാമത് സെറോളജിക്കല്‍ സര്‍വെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹി നിവാസികളില്‍ രണ്ടിലൊരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചുവെന്നാണ് സര്‍വെ ഫലം കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡല്‍ഹി നഗരത്തിലെ രണ്ട് കോടി ജനങ്ങളും ആര്‍ജിത പ്രതിരോധ ശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ രോഗം പടരാതിരിക്കാനായി സ്വീകരിക്കുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ വിട്ടുവീഴ്ചയരുത് എന്നും മന്ത്രി പറഞ്ഞു.
'ഡല്‍ഹി പ്രതിരോധശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി 200 എന്ന തോതിലേക്ക് പോസിറ്റീവ് കേസുകള്‍ കുറയുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഒരു കാരണവശാലും ജനങ്ങള്‍ മാസ്ക് ധരിക്കാതിരിക്കരുത്.', മന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെ 56.13 ശതമാനം ജനങ്ങളില്‍ ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്. ജനുവരി 15 മുതല്‍ 23 വരെ 28,000 സാമ്പിളുകളാണ് പിരശോധിച്ചതെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ 49 ശതമാനം പേരിലും തെക്കന്‍ ഡല്‍ഹിയില്‍ 62.18 ശതമാനം പേരിലുമാണ് ആന്റിബോഡി കണ്ടെത്തിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ