News Desk

2020-05-20 10:18:22 am IST
ദുബൈ: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെയും ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം ഒന്നര ലക്ഷമായി. ഇതോടെ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്.  

സൗദി അറേബ്യയിൽ ഇന്നലെ മാത്രം ഒൻപത് പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. കുവൈത്തിൽ മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 121 ആയി. യു.എ.ഇയിൽ മൂന്നും,ഒമാനിൽ രണ്ടും മരങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം മിക്ക രാജ്യങ്ങളിലും കുത്തനെ ഉയരുന്ന പ്രവണതയിൽ മാറ്റമൊന്നും തന്നെയില്ല. 

അതേസമയം, സൗദിയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം രാജ്യത്ത് 2563 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 59,854 ആയി. ഇത്തരത്തിൽ ദിനംപ്രതി രോഗബാധിതരുടെ വർധിക്കുന്നതിനാൽ സൗദിയിൽ ഈ മാസം 23 മുതൽ 24 മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ മറ്റ് ജി.സി.സി രാജ്യങ്ങളുടെ കാര്യമെടുത്താൽ ഖത്തറിൽ ഇന്നലെ മാത്രം 1,637 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കുവൈത്തിൽ ആയിരത്തിനും മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. യു.എ.ഇയിൽ 873ഉം ഒമാനിൽ 292ഉം ബഹ്റൈനിൽ 190ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.   

രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണം ഗള്‍ഫില്‍ വർധിക്കുകയാണ്. അമ്പത്തി മൂവായിരത്തിൽപ്പരം ആളുകൾക്ക് രോഗം പൂർണമായും ഭേദപ്പെട്ടു.

സാമൂഹിക അകലമുൾപ്പടെയുള്ള സുരക്ഷാ മാർഗങ്ങൾ പാലിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശങ്ങൾ നല്കുന്നുണ്ട്.ഇത്തരത്തിലുള്ള മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാൻ എല്ലാ ഗൾഫ് രാജ്യങ്ങളും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി കൈക്കൊള്ളാനും ഇതിനോടകം തീരുമാനമായി.  
ALSO WATCH

Top