News Desk

2020-11-10 07:48:23 pm IST


ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിക്ക് ഭൂരിപക്ഷം നേടുന്നതിന് നിര്‍ണായകമായത് അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എ.ഐ.എം.ഐ.എം) നിലപാടുകളാണെന്ന് വിമര്‍ശനം. കോണ്‍ഗ്രസാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു. 

മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാര്‍ട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. 

കാര്യങ്ങളെ വലിയ അളവില്‍ തങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റാന്‍ ഉവൈസിയുടെ പാര്‍ട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതരപാര്‍ട്ടികളും കരുതിയിരിക്കണമെന്നും ചൗധരി പറഞ്ഞു.

'ഞങ്ങള്‍ക്ക് വിജയം ഉറപ്പായിരുന്നു. എന്നാല്‍, ചില ചെറു പാര്‍ട്ടികള്‍ ആ വിജയം തടഞ്ഞു. ഞങ്ങളെ ഉന്നമിടാന്‍ ബി.ജെ.പി ഉവൈസിയെ ഉപയോഗിക്കുകയാണ്. നിതീഷ് കുമാറിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ എല്‍.ജെ.പിയെയും ബി.ജെ.പി ഉപയോഗപ്പെടുത്തി.'-ചൗധരി പറഞ്ഞു.

ബീഹാറില്‍ വോട്ടെണ്ണല്‍ പത്തു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അഞ്ചു സീറ്റുകളില്‍ എ.ഐ.എം.ഐ.എം മുന്നിട്ടുനില്‍ക്കുകയാണ്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഇതില്‍ 14-ഉം കിഷന്‍ഗഞ്ച്, അരാരിയ, പുര്‍ണിയ, കാത്യാര്‍ എന്നീ ജില്ലകള്‍ ഉള്‍പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ്.

ബി.എസ്.പി, ആര്‍.എല്‍.എസ്.പി എന്നിവരെ ഉള്‍പ്പെടുത്തിയുള്ള മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബീഹാറില്‍ മത്സരിച്ചത്.  എ.ഐ.എം.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി സീമാഞ്ചല്‍ മേഖലയില്‍ പിടിച്ച മുസ്ലിം വോട്ടുകള്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കേണ്ടതായിരുന്നുവെന്നാണ് വിലിയിരുത്തുന്നത്. 

14 സീറ്റുകളോളം ഈ മേഖലയില്‍ മഹാസഖ്യത്തിന് ഉണ്ടായിരുന്നു. ഇതില്‍ പലതും നഷ്ടമായി. പൂര്‍ണിയ ജില്ലയില്‍ 2015-ല്‍ മഹാസഖ്യം വിജയിച്ച അമൗര്‍, ബൈസി സീറ്റുകള്‍ ഇത്തവണ ഒന്നില്‍ ഒവൈസിയുടെ പാര്‍ട്ടിയും ബൈസിയില്‍ ബി.ജെ.പിയുമാണ് ലീഡ് ചെയ്യുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top