News Desk

2021-04-21 11:30:28 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമായി വ്യാപിക്കുന്നതിനിടെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി രംഗത്ത്. ഏറ്റവും രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.

രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ കടമ സര്‍ക്കാരിനുണ്ടെന്നും നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കണമെന്നും കോടതി പറഞ്ഞു.

ഓക്സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. 

ഓക്സിജന്‍ ലഭിക്കാത്തതിന്റെ പേരില്‍ ജനങ്ങള്‍ മരിക്കാന്‍ പാടില്ല, ആളുകള്‍ മരിച്ചു വീഴുകയാണ്. ജനങ്ങള്‍ മരിക്കുമ്പോഴും, ഇത്തരമൊരു അടിയന്തര ഘട്ടത്തില്‍ നിങ്ങള്‍ക്ക് കമ്പനികളെ കുറിച്ചാണ് ചിന്തിക്കുന്നത്. മനുഷ്യജീവന് ഈ സര്‍ക്കാര്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥമെന്നും കോടതി പറഞ്ഞു.

രാജ്യം മുഴുവന്‍ ഓക്സിജന്‍ എത്തിക്കാനായി കേന്ദ്രം എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉടന്‍ അറിയണമെന്നും കോടതി പറഞ്ഞു. ഏതുവിധേനയും ജനങ്ങളുടെ മൗലികവകാശമായ ജീവനുള്ള അവകാശം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പെട്രോളിയം, സ്റ്റീല്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജന്‍ ആശുപത്രികളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തതെന്ന് ചോദിച്ച കോടതി ഫയലുകള്‍ നീക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കേണ്ടെന്നും പറഞ്ഞു.

ടാറ്റ കമ്പനിയ്ക്ക് അവരുടെ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും ഓക്സിജന്‍ എത്തിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും സാധിക്കില്ലേയെന്നും കോടതി ചോദിച്ചു. വ്യവസായികള്‍ സഹായിക്കും. സര്‍ക്കാര്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് പറഞ്ഞാല്‍ ഒരു വ്യവസായിയും പറ്റില്ലെന്ന് പറയില്ല. 

മാത്രമല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനികളുമുണ്ട്. അതു വഴിയും ഓക്‌സിജന്‍ ലഭ്യമാക്കാവുന്നതാണ്. ഇതു സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം നല്‍കിയിട്ടും എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു.

ആയിര കണക്കിന് പേര്‍ മരിച്ചുവീഴുന്നത് കാണണമെന്നാണോ കേന്ദ്രം കരുതുന്നതെന്നും ദയവ് ചെയ്ത് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top