News Desk

2021-04-07 03:41:36 pm IST
കണ്ണൂര്‍: പാനൂര്‍ കൊലപാതകത്തിന് പിന്നാലെ മകന്‍ ജയിന്‍ രാജ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് പ്രതികരണവുമായി സി.പി.ഐ.എം നേതാവ് പി.ജയരാജന്‍. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പി.ജയരാജന്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.


'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന ഒറ്റവരി പോസ്റ്റായിരുന്നു ജയിന്‍ രാജിന്റേത്. പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്.


ഇത് പാനൂരിലെ കൊലപാതകത്തെ ഉദ്ദേശിച്ചാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പി ജയരാജന്‍ രംഗത്തെത്തിയത്.

ഇന്നലെ രാത്രിയാണ് കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ വെട്ടേറ്റാണ് മന്‍സൂര്‍ കൊല്ലപ്പെടുന്നത്. സഹോദരന്‍ മുഹ്‌സിന്‍ ഗുരുതര പരുക്കുകളുമായി കോഴിക്കോട് ചികിത്സയിലാണ്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ കൂടിയായ മുഹ്‌സിന്‍ പറഞ്ഞിരുന്നു. അതേസമയം മന്‍സൂറിന്റെ കൊലപാതകത്തില്‍ കേസെടുത്തെന്ന് പോലീസ് വ്യക്തമാക്കുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top