News Desk

2021-04-01 10:12:12 pm IST
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കാനുള്ള തീരുമാനം പാകിസ്ഥാന്‍ മന്ത്രിസഭ തള്ളി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് പാകിസ്ഥാന്റെ നിലവിലെ തീരുമാനം.

ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഭാഗികമായി പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് പാക് ധനമന്ത്രി ഹമ്മദ് അസ്ഹര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ, കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതുവരെ തീരുമാനം മരവിപ്പിക്കുകയാണെന്ന് പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധവും നയതന്ത്ര ബന്ധവും ഇസ്ലാമാബാദ് മരവിപ്പിച്ചിരുന്നു. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. 

അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ശക്തമായി പാലിക്കാന്‍ ഇരു സൈന്യങ്ങളും അടുത്തിടെ ധാരണയില്‍ എത്തിയിരുന്നു. കൊവിഡ് ബാധിതനായ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോദി വേഗം സുഖമാകാന്‍ നേരത്തെ ആശംസ നേര്‍ന്നിരുന്നു. പിന്നീട് പാക് ദേശീയദിനത്തിന് ആശംസ നേര്‍ന്ന് മോദി കത്തെഴുതി.

ഇതിന് മറുപടി കത്ത് നല്‍കിയ ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ എല്ലാ വിഷയങ്ങളും പരിഹരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ജമ്മുകശ്മീര്‍ വിഷയം പ്രത്യേകം പരാമര്‍ശിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ കത്ത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സമാധാന ചര്‍ച്ചകള്‍ പുനസ്ഥാപിക്കുന്നതിലേക്ക് നീളാവുന്ന ചില സൂചനകളാണ് അടുത്തിടെ പുറത്തേക്ക് വരുന്നത്. 

കൊവിഡിന്റെ മൂന്നാംഘട്ട വ്യാപനം ഉണ്ടായതോടെ പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയില്‍നിന്ന് ഇറക്കുമതി പുനരാരംഭിക്കുന്നതോടെ പഞ്ചസാരയുടെ വില 20 ശതമാനമെങ്കിലും കുറയുമെന്നാണ് പാകിസ്ഥാന്‍ വിലയിരുത്തിയിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top