News Desk

2021-02-22 05:59:08 pm IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്താനിലാണ് സംഭവം. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. 

തിങ്കളാഴ്ച രാവിലെ 9.30-തോടെയാണ് മിര്‍ അലി നഗരത്തിന് സമീപത്തെ ഇപ്പി എന്ന ഗ്രാമത്തില്‍ ആക്രമണം ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സഫിയുള്ള ഗന്ദപുര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഒരു കാലത്ത് താലിബാന്‍ ആസ്ഥാനമായിരുന്ന പ്രദേശമാണിത്.

വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി സംഘം വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'ഇത് തീവ്രവാദ ബാധിത ജില്ലയാണ്, എല്ലായിടത്തും ഭീഷണിയുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ പ്രത്യേകിച്ച് ഭീഷണിയുണ്ട്.', സഫിയുള്ള ഗന്ദപുര്‍ പറഞ്ഞു.

ഗോത്ര സംസ്‌കാരത്തില്‍ സ്ത്രീകള്‍ സ്വതന്ത്രമായി നടക്കുന്നത് ചിലര്‍ക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ രാഷ്ട്രീയത്തിലും മറ്റ് സാംസ്‌കാരിക സംഘടനകളിലും പ്രവര്‍ത്തിക്കുന്നത് താലിബാന്‍ വിലക്കിയിരുന്നു. ആക്രമികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.
 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top