News Desk

2021-02-08 05:34:15 pm IST

പാലക്കാട്: പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ അമ്മ മകനെ കൊലപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണം. സംഭവത്തില്‍ തീവ്ര മതവിശ്വാസികളുടെ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. 

മകനെ അമ്മ ബലി നല്‍കിയതാണെന്ന കണ്ടെത്തലിലാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. മദ്രസ അധ്യാപികയായിരുന്ന ഷഹീദ അംഗമായ ചില വാട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. 

പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാന്റെ ഭാര്യ ഷഹീദ(32)യാണ് മകന്‍ അമില്‍ ഇഹ്സാനെ(ആറ്) കഴിഞ്ഞദിവസം അതിക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഷഹീദ തന്നെ ജനമൈത്രി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയെ കഴിഞ്ഞദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പ്രാര്‍ഥനയ്ക്കിടെ ഉള്‍വിളിയുണ്ടായതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഷഹീദയുടെ മൊഴി. ദൈവപ്രീതിക്കായി ബലി നല്‍കിയതാണെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുമാസം ഗര്‍ഭിണിയാണ് ഷഹീദ. ഇവരുടെ മൂന്നാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ട ആമില്‍.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു കൊലപാതകം നടന്നത്. ജനമൈത്രി പൊലീസിന്റെ അടിയന്തരാവശ്യങ്ങള്‍ക്കുള്ള 112 എന്ന നമ്പറിലാണ് മകനെ കൊലപ്പെടുത്തിയെന്ന വിവരം ഷഹീദ വിളിച്ചറിയിക്കുന്നത്. ഈ നമ്പര്‍ രണ്ടുദിവസം മുമ്പ് സമീപവാസിയുടെ വീട്ടിലെത്തി ഇവര്‍ ശേഖരിച്ചിരുന്നതായും പൊലീസ് പറയുന്നു. 

ഷഹീദ നല്‍കിയ വിവരമനുസരിച്ച് പൊലീസ് കണ്‍ട്രോള്‍റൂം പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ വിവരമറിയിച്ചു. ഷഹീദ തന്നെയാണ് പൊലീസെത്തിയപ്പോള്‍ വീട് തുറന്നുകൊടുത്തത്. കഴുത്തറ്റ് രക്തത്തില്‍ക്കുളിച്ച നിലയില്‍ ശൗചാലയത്തില്‍ ക്ലോസറ്റിനോടു ചേര്‍ന്ന ഭാഗത്ത് കാല്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. 

വീട്ടിലെ മറ്റൊരു മുറിയില്‍ മൂത്ത രണ്ട് മക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന ഷഹീദയുടെ ഭര്‍ത്താവ് സുലൈമാനെ പൊലീസാണ് വിളിച്ചുണര്‍ത്തിയത്. തുടര്‍ന്നാണ് തൊട്ടടുത്തുള്ള വീട്ടുകാര്‍പോലും വിവരമറിയുന്നത്.

ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ശൗചാലയത്തിലേക്ക് കൊണ്ടുപോയി കാലുകള്‍ തുണികൊണ്ട് കെട്ടിയശേഷം വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് ഷഹീദ പൊലീസിനോട് പറഞ്ഞു. ശനിയാഴ്ചയാണ് വീട്ടിലെ കത്തിക്ക് മൂര്‍ച്ചയില്ലെന്നുപറഞ്ഞ് ഇവര്‍ പുതിയ കത്തി വാങ്ങിപ്പിച്ചത്. കത്തി പൊലീസ് കണ്ടെടുത്തു. 

ഷഹീദയ്ക്ക് കുടുംബപ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് സുലൈമാന്‍ മുമ്പ് ഗള്‍ഫിലായിരുന്നു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് തിരിച്ചെത്തി പാര്‍സല്‍ വണ്ടിയുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top