2021-06-06 05:00:13 pm IST
ദോഹ: ഫലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്റെ നിലപാട് ഉറച്ചതാണെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുള്‍ റഹ്മാന്‍ ആല്‍താനി. സ്വതന്ത്രപരമാധികാര ഫലസ്തീന്‍ സ്ഥാപിക്കുകയാണ് ഖത്തറിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

 റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ആഗോള സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് ദോഹ ഫോറം സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനും സഹകരിക്കാത്തതിനുമുള്ള കാരണവും സാഹചര്യവും ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൂടാതെ, ബഹ്‌റൈനും യു.എ.ഇയും ഇസ്രായേലുമായുണ്ടാക്കിയ അബ്രഹാം കരാര്‍ സംബന്ധിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. കരാര്‍ അപക്വമായിരുന്നുവോ എന്ന ചോദ്യത്തിന് അതില്‍ തങ്ങള്‍ വിധികല്‍പ്പിക്കില്ല എന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. 

ഖത്തറിന് ഇസ്രായേലുമായി വിയോജിക്കാനും നയതന്ത്രബന്ധം തുടരാതിരിക്കാനുമുള്ള കാരണം ഇപ്പോഴുമുണ്ട്. ഫലസ്തീനിലെ അധിനിവേശമാണ് അതിന്റെ മുഖ്യകാരണം. അക്കാര്യത്തില്‍ ഖത്തറിന്റെ കാഴ്ചപ്പാട് വ്യക്തവും കൃത്യവുമാണ്. സമാധാനത്തിന്റെ ഒരു ചുവടുവെപ്പും ഇസ്രായേല്‍ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. അത്തരമൊരു പ്രതീക്ഷപോലുമില്ല. 1990കളിലെ മഡ്രിഡ്, ഓസ്‌ലോ ചര്‍ച്ചകള്‍ക്കുശേഷം മേഖലയിലും പ്രത്യേകിച്ച് ഫലസ്തീനിലും സമാധാനമുണ്ടാകുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

1967 ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന്‍ രാജ്യമെന്നത് അംഗീകരിക്കണം. ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി അവരെ പ്രകോപിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് നിര്‍ത്തണം. ബൈത്തുല്‍മുഖദ്ദിസ് പോലുള്ള വിശുദ്ധ സ്ഥലങ്ങള്‍ ലോക മുസ്ലീംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെല്ലാം വൈകാരികമായ കേന്ദ്രമാണ്. അത് പരിഗണിച്ചുവേണം ഇസ്രായേല്‍ മുന്നോട്ടുപോവാന്‍. അല്ലാത്ത ഇടപെടലുകള്‍കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top