News Desk

2021-02-17 04:42:38 pm IST

ദോഹ: നടക്കാനിരിക്കുന്ന ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഖത്തര്‍ നിരീക്ഷക പദവി വഹിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മാഈല്‍ ഹനിയ്യ. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അദ്ദേഹം അയച്ച കത്തിലാണ് ഈ അഭ്യര്‍ഥന മുന്നോട്ടുവച്ചിരിക്കുന്നത്.

ഈ വര്‍ഷം മെയ്, ജൂലൈ മാസങ്ങളിലാണ് ഫലസ്തീന്‍ പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. 2006-ലെ തെരഞ്ഞെടുപ്പില്‍ സംഭവിച്ച അട്ടമറി ആവര്‍ത്തിക്കാതിരിക്കാന്‍ ഖത്തര്‍ ഇടപെടണമെന്നാണ് ഹമാസിന്റെ ആവശ്യം. 

തെരഞ്ഞെടുപ്പ് നീതിപൂര്‍വമായി നടത്താനും തെരഞ്ഞെടുപ്പ് ഫലം എല്ലാവരും മാനിക്കുമെന്ന് ഉറപ്പ് വരുത്താനും ഖത്തര്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഇസ്മാഈല്‍ ഹനിയ്യ ആവശ്യപ്പെട്ടു. 

ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍, പ്രത്യേകിച്ച് ജറൂസലേം പ്രദേശങ്ങളില്‍ ഇസ്രായേല്‍ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാതിരിക്കാന്‍ ഖത്തര്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ഹനിയ്യ അഭ്യര്‍ഥിച്ചു. 

2006-ലാണ് അവസാനമായി ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 44.45 ശതമാനം വോട്ടുകള്‍ നേടി ആകെയുള്ള 132 സീറ്റില്‍ വിജയം വരിച്ച ഹമാസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 

പ്രസിഡന്റായിരുന്ന മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫതഹ് വിഭാഗത്തിനാവട്ടെ 41.43 ശതമാനം വോട്ടോടെ 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായി അധികാരമേറ്റെങ്കിലും അധികം താമസിയാതെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടുകയായിരുന്നു. 

തുടര്‍ന്ന് ഗസ പ്രദേശങ്ങളുടെ നിയന്ത്രണം ഹമാസിന്റെ കൈകളിലും ബാക്കി പ്രദേശങ്ങള്‍ ഫതഹിന്റെ നിയന്ത്രണത്തിലുമാവുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര്‍ കൊല്ലപ്പെടുകയുണ്ടായി.

സംഘര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പലതവണ അനുരഞ്ജന ശ്രമങ്ങള്‍ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ കഴിഞ്ഞ സെപ്തംബറില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായി നടത്തിയ ചര്‍ച്ചയിലാണ് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനമായത്. 

തുടര്‍ന്ന് ഫെബ്രുവരിയില്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും പങ്കെടുപ്പിച്ച് നടത്തിയ അനുരഞ്ജന ശ്രമങ്ങളെ തുടര്‍ന്ന് ഫലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മെയ് 22-നും പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 31-നും നടത്താന്‍ തീരുമാനമാവുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top