News Desk

2021-02-04 06:57:30 pm IST
പട്‌ന: പ്രതിഷേധങ്ങളിലും സമരങ്ങളിലുമൊക്കെ പങ്കെടുക്കുന്നവര്‍ക്കു പലതരത്തിലുള്ള വിലക്കുകള്‍ പ്രഖ്യാപിച്ച് ബിഹാര്‍. അക്രമാസക്തമായ പ്രതിഷേധത്തിലും ധര്‍ണയിലും പങ്കെടുക്കുന്നവര്‍ക്കും റോഡില്‍ തടസ്സമുണ്ടാക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജോലിയോ പാസ്പോര്‍ട്ടോ ലഭിക്കുന്നത് പ്രയാസമാകുമെന്നു ബിഹാര്‍ പൊലീസ് ഉത്തരവിറക്കി.

ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കു സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു. അക്രമാസക്ത പ്രതിഷേധത്തില്‍ ആരെങ്കിലും പങ്കെടുക്കുകയാണെങ്കില്‍, അവരുടെ പെരുമാറ്റ സര്‍ട്ടിഫിക്കറ്റില്‍ (ക്യാരക്ടര്‍ സര്‍ട്ടിഫിക്കറ്റ്) പൊലീസിന് ഇതു പരാമര്‍ശിക്കാമെന്നും ബിഹാര്‍ ഡി.ജി.പി എസ്.കെ.സിംഘാള്‍ വ്യക്തമാക്കി. 

'റോഡ് ഉപരോധം, പ്രതിഷേധ പ്രകടനങ്ങള്‍ അല്ലെങ്കില്‍ ക്രമസമാധാനത്തെ ബാധിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍, ക്രിമിനല്‍ പ്രവൃത്തികള്‍ എന്നിവയില്‍ ഏര്‍പ്പെട്ടതിനു പൊലീസ് കുറ്റപത്രത്തില്‍പ്പെട്ട ഏതൊരാള്‍ക്കും പെരുമാറ്റ പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ പ്രതികൂല പരാമര്‍ശം രേഖപ്പെടുത്തണം. ഇത്തരക്കാര്‍ക്കു സര്‍ക്കാര്‍ ജോലികളും കരാറുകളും നഷ്ടപ്പെടും', ഉത്തരവില്‍ പറയുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള പൊലീസ് പരിശോധനയെ (വെരിഫിക്കേഷന്‍) ബാധിക്കും. ലൈസന്‍സ്, പാസ്പോര്‍ട്ട്, ക്യാരക്ടര്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാരിലെ കരാര്‍ ജോലികള്‍, സര്‍ക്കാര്‍ വകുപ്പുകളിലെയും ബോര്‍ഡുകളിലെയും കമ്മിഷനുകളിലെയും വര്‍ക്ക് കരാറുകള്‍, പെട്രോള്‍ പമ്പിനും ഗ്യാസ് ഏജന്‍സിക്കുമുള്ള ലൈസന്‍സുകള്‍, സര്‍ക്കാര്‍ സഹായം അല്ലെങ്കില്‍ ഗ്രാന്റ്, ബാങ്ക് വായ്പകള്‍ എന്നിവയ്‌ക്കെല്ലാം തീരുമാനം ബാധിക്കുമെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരവിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സര്‍ക്കാര്‍ നീക്കത്തെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു രംഗത്തെത്തി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുസ്സോളിനിയുമായും ഹിറ്റ്ലറുമായും മത്സരിക്കുകയാണ്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം പ്രയോഗിക്കുന്നവര്‍ക്കു ജോലി ലഭിക്കില്ലെന്നു പറയുന്നു. 40 എം.എല്‍.എമാരുടെ മുഖ്യമന്ത്രി എത്രമാത്രം ഭയപ്പാടിലാണ് തേജസ്വി അഭിപ്രായപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



Top