News Desk

2021-03-16 07:08:12 pm IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നു. ഇടതുമുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിയില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും പി.സി ചാക്കോ പറഞ്ഞു.

ഡല്‍ഹിയിലെ സി.പി.ഐ.എം ഓഫിസിലെത്തിയ പി.സി ചാക്കോ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടു. ഔദ്യോഗികമായി എന്‍.സി.പിയില്‍ അംഗമാവുകയാണ് താനെന്ന് പി.സി ചാക്കോ പറഞ്ഞു. 

എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി പി.സി ചാക്കോ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്നാണ് യെച്ചൂരിക്കൊപ്പം മാധ്യങ്ങളെ കണ്ടത്.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ കോണ്‍ഗ്രസ് വിടുന്നതായി അറിയിച്ചത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. 

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് മാത്രമേ ഉള്ളൂ എന്നും കോണ്‍ഗ്രസില്ലെന്നും ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ചേങ്ങന്നൂരില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയതായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറുടെ പ്രതികരണം സീതാറാം യെച്ചൂരി തള്ളി. ബി.ജെ.പിയുമായി ആരാണ് ഡീല്‍ ഉണ്ടാക്കുന്നതെന്നും ആരാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്നും  എല്ലാവര്‍ക്കും അറിയാമെന്ന് യെച്ചൂരി പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top