News Desk

2020-11-28 03:36:45 pm IST
ദുബൈ: രാജ്യത്തുള്ള അനധികൃത താമസക്കാരെ ജോലിക്കെടുത്താല്‍ വന്‍ തുക പിഴ നല്‍കേണ്ടിവരുമെന്ന് യു.എ.ഇ അധികൃതരുടെ മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞും യു.എ.ഇയില്‍ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്കെടുക്കരുതെന്ന് അധികൃതര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച് വ്യാപക ബോധവല്‍ക്കരണത്തിന് ജി.ഡി.ആര്‍.എഫ്.എ (ദ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) പ്രചാരണവും ആരംഭിച്ചു.

അനധികൃത താമസക്കാരെ ജോലിക്കെടുത്താല്‍ കുറഞ്ഞത് 50,000 മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. താമസ നിയമങ്ങള്‍ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് ദുബൈ പൊലീസും ചൂണ്ടിക്കാട്ടുന്നു.

മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് ദുബൈയില്‍ ഇതിനെതിരെ വ്യാപക പരിശോധന ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 31 വരെയാണ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും മറ്റ് അനധികൃത താമസക്കാര്‍ക്കും മാപ്പ് നേടി രാജ്യം വിടാനുള്ള സമയപരിധി.

അതേസമയം, തൊഴില്‍ തര്‍ക്കമുള്ളവര്‍ക്കു പരാതിപ്പെടാന്‍ 80060 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇതില്‍ 20 ഭാഷകളില്‍ സംസാരിക്കാനാകും. അനധികൃത താമസക്കാരെക്കുറിച്ചും ഇതില്‍ വിവരം നല്‍കാം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top