ദോഹ: ഖത്തറിലെ അല്‍ സീലിയ പ്രദേശത്ത് തെരുവ് നായകളുടെ ശല്യം പ്രതിരോധിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ ഈ പ്രദേശത്തെ തെരുവ് നായകളുടെ ശല്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രദേശവാസികള്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കല്‍ നടത്തിയിരുന്നു. പ്രദേശത്ത് അനധികൃതമായി ഉപേക്ഷിക്കപ്പെടുന്ന ബില്‍ഡിങ് അവശിഷ്ടങ്ങളാണ് നായകളുടെ പെരുപ്പത്തിന് കാരണമായത്.
ഖത്തറിലെ മറ്റു മുനിസിപ്പാലിറ്റികളില്‍ തെരുവ് നായ ശല്യം പ്രതിരോധിക്കാന്‍ എടുത്ത നടപടികള്‍ അല്‍ സീലിയയിലും അധികൃതര്‍ നടപ്പില്‍ വരുത്തണം. രാത്രിയാണ് പ്രത്യേകിച്ച് തെരുവ് നായകളുടെ ശല്യം രൂക്ഷമാവുന്നതെന്നും മുന്‍സിപ്പാലിറ്റി അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പ്രദേശ വാസികളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.