News Desk

2021-04-22 11:06:12 am IST

ദോഹ: കൊവിഡ് രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈന്‍ ഇളവ് നല്‍കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രോഗമുണ്ടായി മാറിയതിന്റെയും നെഗറ്റീവായതിന്റെയും ആശുപത്രി അല്ലെങ്കില്‍ ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. 

കൂടാതെ പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. രോഗം വന്ന് ഭേദമായവര്‍ക്ക് കാര്യമായ ലക്ഷണങ്ങളില്ലെങ്കില്‍ പിന്നീട് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്റൈനില്‍ പോകേണ്ടതില്ല. രോഗം വന്ന് മാറിയതിന്റെ ആറ് മാസം വരെ ഈ ഇളവ് ലഭിക്കും. 

എന്നാല്‍ രോഗിയുമായി സമ്പര്‍ക്കം വന്ന് 14 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പക്ഷം സ്വയം ഐസൊലേഷനില്‍ പോകണം. കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയുകയും വേണം. 

അതേസമയം, രോഗം വന്ന് ഭേദമായവരും വാക്‌സിനെടുത്തവരും മറ്റുള്ളവരെ പോലെ തന്നെ എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഖത്തര്‍ പി.എച്ച്.സി.സി ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍ മാലിക് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top