News Desk

2021-06-18 02:26:47 pm IST

മലപ്പുറം: പെരിന്തല്‍മണ്ണ കൊലപാതകം പ്രതി വിനീഷ് ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് പൊലീസ്. ദൃശ്യയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തുക്കളോട് പ്രതി പറഞ്ഞിരുന്നതായും രാത്രി ഒരു മണിക്കൂര്‍ നേരം കൃത്യം നടത്താനായി പ്രതി ദൃശ്യയുടെ വീട്ടില്‍ ഒളിച്ചിരുന്നെന്നും ഡിവൈ.എസ്.പി കെ.എം ദേവസ്യ പറഞ്ഞു.

'രാത്രി ദൃശ്യയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട ശേഷമാണ് പ്രതി വീട്ടിലെത്തിയത്. തീ കത്തിക്കാന്‍ ഉപയോഗിച്ച ലാമ്പ് വീട്ടില്‍ ഉപേക്ഷിച്ചു. കൊലക്ക് ഉപയോഗിച്ചത് ദൃശ്യയുടെ വീട്ടിലെ കത്തിയാണ്. എന്നാല്‍ പ്രതി കൊണ്ടു വന്നത് സ്റ്റീല്‍ കത്തിയാണ്. കത്തി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.', ഡിവൈ.എസ്.പി പറഞ്ഞു.

അതിനിടെ, ഇന്ന് രാവിലെ പ്രതി വിനീഷ് വിനോദിനെ കൊല്ലപ്പെട്ട ദൃശ്യയുടെ ഏലംകുളത്തെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ ഏലംകുളം പഞ്ചായത്തില്‍ ചെമ്മാട്ടില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) പ്രതി കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ (13) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി ഒമ്പതരയോടെ പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ ടോയ്സ് എന്ന വ്യാപാര സ്ഥാപനം കത്തിനശിച്ച് വന്‍ നഷ്ടം സംഭവിച്ചിരുന്നു. സാധാരണ തീപിടിത്തമാണെന്നാണ് കരുതിയതെങ്കിലും കട കത്തിച്ചതിന് പിന്നിലും പ്രതി വിനീഷാണെന്ന് തെളിഞ്ഞു. 

കട കത്തി നശിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന്‍ വ്യാഴാഴ്ച രാവിലെ പെരിന്തല്‍മണ്ണ ടൗണിലേക്ക് പോയ വേളയിലാണ് വിനീഷ് കൊലപാതകത്തിനായി ഏലംകുളത്തെത്തിയത്. ബാലചന്ദ്രന്റെ ഭാര്യ ദീപ കുളിക്കാന്‍ പോയ നേരത്താണ് പ്രതി ക്രൂരകൃത്യം നടത്തിയത്. ദൃശ്യയെ കുത്തുന്നത് തടയുന്നതിനിടെയാണ് ദേവശ്രീക്ക് പരിക്കേറ്റത്.

സംഭവ ശേഷം രക്തം പുരണ്ട വസ്ത്രത്തോടെ പുറത്തിറങ്ങിയ പ്രതി, ഓട്ടോയ്ക്ക് കൈകാട്ടി തനിക്ക് വാഹനാപകടം സംഭവിച്ചുവെന്നും തന്നെ പെരിന്തല്‍മണ്ണയില്‍ എത്തിക്കണമെന്നും പറയുകയായിരുന്നു. യാത്രക്കിടെ പ്രദേശവാസികള്‍ വിവരം ഫോണ്‍ വിളിച്ച് അറിയിച്ചതോടെയാണ് ഓട്ടോ ഡ്രൈവര്‍ കാര്യം അറിയുന്നത്. ഓട്ടോ ഡ്രൈവര്‍ തന്ത്രപൂര്‍വ്വം തന്റെ സുഹൃത്തിനെയും ഓട്ടോയില്‍ കയറ്റി പ്രതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പൊലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചു. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top