News Desk

2021-05-29 09:27:18 pm IST
മുംബൈ: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നു. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ ഇന്ന്  പെട്രോള്‍ വില 100 കടന്നു. മുംബൈയുടെ ചരിത്രത്തില്‍ ആദ്യമായാണ് പെട്രോള്‍ വില 100 കടക്കുന്നത്. ഡീസല്‍ വിലയും തൊട്ടു പിന്നാലെ കുതിക്കുകയാണ്. 

പെട്രോളിന് 100.19 രൂപയും ഡീസലിന് 92.17 രൂപയുമാണ് ശനിയാഴ്ച മുംബൈയില്‍ ഈടാക്കിയത്. താനെയിലും നവി മുംബൈയിലും 100.32 രൂപയാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ ഇത് 15-ാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. 

ഡല്‍ഹിയില്‍ പെട്രോള്‍ വില 93.94 രൂപയായി. കൊല്‍ക്കത്തയില്‍ 93.97 രൂപയ്ക്കാണ് പെട്രോള്‍ വില്‍ക്കുന്നത്. ചെന്നൈയില്‍ പെട്രോള്‍ വില 95.51 രൂപയായി. 

അതേസമയം, പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് കേരളത്തില്‍ ഇന്ന് കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. 

ഡീസല്‍ വിലയില്‍ വര്‍ധനവ് വരുന്നത് രാജ്യത്തെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കും. ഡീസല്‍ വില വര്‍ധന അവശ്യ വസ്തുക്കളുടെ വിലയിലും വര്‍ധനവുണ്ടാക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പെട്രോള്‍ വില ഇതിനകം 100 രൂപ കടന്നിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ


Top