News Desk

2021-04-16 05:03:33 pm IST
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ചിലപ്പോള്‍ മൂന്നാം ഡോസും എടുക്കേണ്ടി വന്നേക്കാമെന്ന് ഫൈസര്‍ സി.ഇ.ഒ ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു. 

വാക്‌സിനേഷന്‍ സീക്വന്‍സ് എന്താണെന്നും എത്ര തവണ വാക്‌സിന്‍ എടുക്കേണ്ടിവരുമെന്നും എത്രകാലത്തേക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നതും കണ്ടറിയേണ്ടതാണെന്നും രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു. 

സാധിക്കുന്നവര്‍ വര്‍ഷം തോറും കൊവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിന്‍ ഡോസുകള്‍ വര്‍ഷം തോറും സ്വീകരിക്കേണ്ടി വരുമെന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സി.ഇ.ഒ അലക്സി ഗോര്‍സ്‌കിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബുര്‍ല ഇക്കാര്യം പറഞ്ഞത്. 

സാധ്യതയുള്ള ഒരു കാര്യമെന്നു പറയുന്നത് ആറു മുതല്‍ 12 മാസങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും ബൂസ്റ്ററായി മൂന്നാം ഡോസ് എടുക്കുന്നതാണ്. ചിലപ്പോള്‍ വര്‍ഷംതോറും വാക്‌സിനേഷന്‍ ആവശ്യമായും വന്നേക്കാം. ഇതില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. വൈറസ് വകഭേദങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും ബൗര്‍ല പറയുന്നു.

രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് വൈറസിനെതിരേ എത്രകാലം പ്രതിരോധം സാധ്യമാണെന്ന് ഇതുവരെയും പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ 91 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ഫൈസര്‍ കമ്പനി അവകാശപ്പെട്ടിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം രോഗത്തിനെതിരായ പ്രതിരോധം ആറുമാസം വരെ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top