News Desk

2021-06-08 08:28:25 pm IST

വാഷിങ്ടണ്‍: ഫൈസര്‍-ബയോഎന്‍ടെക്, മൊഡേണ വാക്‌സിനുകളുടെ രണ്ട് ഡോസുകളെടുക്കുന്നത് കൊവിഡ് അപകടസാധ്യത 91 ശതമാനം കുറയ്ക്കുമെന്ന് യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സി.ഡി.സി) പുതിയ പഠനം. 

മൊഡേണ വാക്‌സിന്റെ ഒറ്റ ഡോസ് പോലും ഇന്‍ഫെക്ഷന്‍ 81 ശതമാനം കുറയ്ക്കുന്നുണ്ട്. ലക്ഷണങ്ങളോടെയും അല്ലാതെയുമുള്ള ഇന്‍ഫെക്ഷനുകള്‍ക്ക് ഇത് ബാധകമാണ്. കൊവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഒന്നാണ് വാക്‌സിനെന്ന് സി.ഡി.സി ഡയറക്ടര്‍ റൊഷേലേ പി. വലന്‍സ്‌കി പറഞ്ഞു. 

രണ്ടു ഡോസും എടുത്തവര്‍ക്ക് കൊവിഡ് വന്നാലും അത് വളരെ കുറഞ്ഞ ലക്ഷണങ്ങളോടെയായിരിക്കും. മറ്റുള്ളവരിലേക്ക് വൈറസിനെ പടര്‍ത്താനുള്ള സാധ്യത കുറവായിരിക്കുമെന്നും വലന്‍സ്‌കി പറയുന്നു.

പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തിട്ടോ (രണ്ടാം ഡോസ് കഴിഞ്ഞ് 14-ലോ അതിലേറെയോ ദിവസങ്ങള്‍) ഭാഗികമായി വാക്‌സിനേഷന്‍ എടുത്തിട്ടോ കൊവിഡ് പിടിപെടുന്ന ആളുകള്‍ക്ക് എം.ആര്‍.എന്‍.എ വാക്‌സിനേഷന്‍ ഗുണം ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. 

പൂര്‍ണമായോ ഭാഗികമായോ വാക്‌സിനെടുത്തവര്‍ക്ക് കൊവിഡ് വന്നാല്‍ പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയും 60 ശതമാനം കുറവാണ്.

പൂര്‍ണമായോ ഭാഗികമായോ വാക്‌സിനേഷന്‍ എടുക്കുകയും പിന്നീട് കൊവിഡ് ബാധിക്കുകയും ചെയ്ത ആളുകള്‍ക്ക് അവരുടെ മൂക്കില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാകുന്നതിനുള്ള സാധ്യത 40 ശതമാനം കുറവാണ്. അതിനാല്‍ മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നതിനുള്ള സാധ്യത വളരെക്കുറവും. 

പൂര്‍ണമായോ ഭാഗികമായോ വാക്‌സിനേഷന്‍ എടുത്തവരില്‍ കൊവിഡ് പോസിറ്റീവ് ആകുന്നതിനുള്ള സാധ്യത വാക്‌സീന്‍ എടുക്കാത്തവരേക്കാളും 66 ശതമാനം കുറവാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top