News Desk

2021-06-10 03:11:18 pm IST
തൃശൂര്‍: ബി.ജെ.പി നേതാക്കളെ മനപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കുന്നു എന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു എന്നും ആരോപിച്ച് സംസ്ഥാന വ്യാപന പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. തൃശൂര്‍ പൊലീസ് ക്ലബ്ബിന് മുന്നില്‍ നടന്ന പ്രതിഷേധ ജ്വാല സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കളെ വേട്ടയാടുന്നത് സര്‍ക്കാര്‍ താല്‍പര്യപ്രകാരമാണെന്ന് ആരോപിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

രണ്ടാം വരവില്‍ പിണറായി വിജയന്‍ ബി.ജെ.പിക്കെതിരെ പ്രതികാരം തീര്‍ക്കുകയാണ്. കൊടകര കവര്‍ച്ച കേസുകളിലടക്കം പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്നും തൃശുരില്‍ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

കോഴിക്കോട് നടന്ന പ്രതിഷേധ സമരം കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഉദ്ഘാടനം ചെയ്തത്. കൊടകര കേസില്‍ സര്‍ക്കാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ മാത്രം ലക്ഷ്യം വച്ചാണ് നീങ്ങുന്നതെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു. മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരനും ഒ. രാജഗോപാലും ആണ്  സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. 

മഞ്ചേശ്വരത്തേതും കൊടകരയിലേതും പൊലിസ് നടത്തുന്നത് തലതിരിഞ്ഞ അന്വേഷണം ആണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് കാസര്‍കോട് കുറ്റപ്പെടുത്തി. കൊച്ചിയിലെ പ്രതിഷേധം ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേസിനെ നിയമപരമായി നേരിടുമെന്ന് ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കളളപ്പണം ചെലവഴിച്ചത് എല്‍.ഡി.എഫാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top